ആഴക്കടൽ മത്സ്യ ബന്ധന വിഷയത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ട് മത്സ്യ സമ്പത്ത്
കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് കരാറിന് പിന്നിൽ നടന്നത്. പദ്ധതി നമ്മുടെ മത്സ്യ നയത്തിനെതിരാണെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എങ്ങനെ എങ്കിൽ എന്തുകൊണ്ട് ഇക്കാര്യം ആദ്യമേ പറഞ്ഞ് പദ്ധതിയെ നിരുത്സാഹപ്പെടുത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരാഞ്ഞു.
കരാർ ക്യാബിനറ്റ് വരെ കൊണ്ടുപോകാനുള്ള റിക്വസ്റ്റ് വാങ്ങിയതെന്തിനാണ്. 5000 കോടി രൂപയുടെ പദ്ധതി കെഎസ്‌ഐടിസി എന്തിന് ഒപ്പുവച്ചു. 400 യാനങ്ങൾ പണിയാനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടതെന്തിനാണ്. ചേർത്തലയ്ക്കടുത്തുള്ള പള്ളിപ്പുറത്ത് മത്സ്യ സംസ്‌കരണത്തിനായി സ്ഥലം അനുവദിച്ചത് എന്തിനാണ്.
2019 ആഗസ്റ്റ് 2നാണ് ഇഎംസിസി അധികൃതർ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ കണ്ട് പദ്ധതി രേഖ നൽകി ചർച്ച നടത്തിയത്. അന്ന് ഇത് മത്സ്യ നയത്തിനെതിരാണെന്ന് പറഞ്ഞ് പദ്ധതി എന്തുകൊണ്ട് തള്ളിക്കളഞ്ഞില്ല. മന്ത്രിയാണ് ഇഎംസിസി അധികൃതരുമായി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതെന്ന് കമ്പനി അധികൃതർ പറയുന്നു. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടുമില്ല. മാത്രമല്ല, കമ്പനി അധികൃതരോട് മുഖ്യമന്ത്രി പദ്ധതി രേഖ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മത്സ്യ നയത്തിന് പദ്ധതി എതിരാണെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചുവെന്ന് പറയുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദം എത്രത്തോളം തെറ്റാണെന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഫിഷറീസ് സെക്രട്ടറി ജ്യോതി ലാലിനും മറ്റ് ഉദ്യോഗസ്ഥർക്കും പദ്ധതിയെക്കുറിച്ച് എന്തുകൊണ്ട് മനസിലായില്ല.
മത്സ്യ നയത്തിന് വിരുദ്ധമായ പദ്ധതി കൊണ്ടുവന്നിട്ട് മത്സ്യ നയത്തിൽ കൂട്ടിച്ചേർക്കപ്പെട്ട 29(ടു നയൺ)ഉപയോഗിച്ചുകൊണ്ടുള്ള വലിയൊരു ഗൂഢാലോചനയാണ്
മുഖ്യമന്ത്രിയുടെയും ഫിഷറിസ് വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ നടന്നത്. ഇതനുസരിച്ചാണ് 2019 ഒക്ടോബർ മൂന്നിന് കമ്പനിയുടെ ക്രിഡൻഷ്യൽസ് ആവശ്യപ്പെട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് സെക്രട്ടറി ജ്യോതിലാൽ കേന്ദ്ര വിദേശകാര്യ വകുപ്പിന് കത്തെഴുതുന്നത്. കത്തെഴുതിയ കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ സ്ഥിരീകരിച്ചിട്ടുണ്ട്.
മാത്രമല്ല, കേന്ദ്ര വിദേശകാര്യ വകുപ്പ് ന്യൂയോർക്കിൽ അന്വേഷണം നടത്തിയതിൽ കമ്പനി ശരിയല്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
പദ്ധതിയ്ക്ക് വേണ്ടി എല്ലാ സാഹചര്യങ്ങളും ഉണ്ടാക്കിയിട്ട് താൻ പുകമറസൃഷ്ടിക്കുമെന്ന്
പറഞ്ഞാൻ ആരും വിശ്വസിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Post Your Comments