Latest NewsNewsIndia

ഇനി, പാർലിമെന്റിലേക്കാവും ആ യാത്ര : ട്രാക്ടറുകളുമായി പാർലിമെന്റിലേക്കെത്തുമെന്ന് ടിക്കായത്ത്

ഇന്ത്യഗേറ്റിന് സമീപത്തെ പാർക്കുകൾ ഉഴുതുമറിക്കുമെന്നും വിവാദപ്രസ്താവന

സികാർ(രാജസ്ഥാൻ): ചെങ്കോട്ടയെ റിപ്പബ്‌ളിക്ക് ദിനത്തിൽ മുൾമുനയിലാഴ്ത്തിയ ട്രാക്ടർ സമരം ആവർത്തിക്കുമെന്നും അത് ഇനി പാർലിമെന്റിന് മുന്നിലേക്കാകുമെന്നും വിവാദ പ്രസ്താവനയുമായി സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തപക്ഷം ട്രാക്ടറുകൾ പാർലിമെന്റ് ലക്ഷ്യമാക്കി നീങ്ങുമെന്നാണ്‌ രാകേഷ് ടിക്കായത്തിന്റെ പ്രസ്താവന.

രാജസ്ഥാനിലെ സികാറിൽ നടത്തിയ റാലിയിലാണ് പ്രസ്താവന നടത്തിയത്. ഡൽഹി ഇത്തരം മാർച്ചിന്റെ ആഹ്വാനത്തിന് കാത്തിരിക്കണമെന്നും പ്രസ്താവനയിൽ ടിക്കായത്ത് തുടർന്നു.
പ്രക്ഷോഭം നടത്തുന്നവർ പാർലിമെന്റ് വളയും. നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകൾ അവിടെയുണ്ടാവും. അതിന്റെ തിയതി കർഷകസംഘടനകൾ പിന്നീട് തീരുമാനിക്കും.

ഇന്ത്യഗേറ്റിന് സമീപത്തെ പാർക്കുകൾ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും. രാജ്യത്തെ കർഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിന് പിന്നിലുണ്ടെന്നും രാകേഷ് ടിക്കായത്ത് റാലിയിൽ ആരോപിച്ചു. രാജ്യത്തെ കർഷകർ ത്രിവർണ്ണപതാകയെ സ്നേഹിക്കുന്നു. എന്നാൽ രാജ്യത്തെ നേതാക്കളോട് അങ്ങിനെയല്ലെന്നും ടിക്കായത്ത് പറഞ്ഞു.

മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുകയും താങ്ങുവില പുന: സ്ഥാപിക്കുകയും ചെയ്യാത
പക്ഷം വലിയ കമ്പനികളുടെ ഗോഡൗണുകൾ കർഷകർക്ക് തകർക്കേണ്ടി വരുമെന്നും ടിക്കായത്ത് ഭീഷണി മുഴക്കുകയും ചെയ്തു.

കർഷകപ്രക്ഷോഭം ജനുവരിയിൽ അക്രമാസക്തമാവുകയും ചെങ്കോട്ടയിൽ അക്രമികൾ കയറി സിക്കുപതാക സ്ഥാപിക്കുന്നതിനിടയാക്കുകയും ചെയ്തിരുന്നു. വെടിയുണ്ടകൾ അക്രമികൾ അപഹരിച്ചതായുള്ള ഡൽഹി പോലീസ് എഫ.് ഐ. ആറും നിലനില്‌ക്കെയാണ് വീണ്ടും പാർലിമെന്റിലേക്ക് കർഷകരുടെ റാലി നടത്തുമെന്ന് ടിക്കായത്തിന്റെ പ്രസ്താവന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button