ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമം നടത്തിയ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ഡല്‍ഹി സ്വരൂപ് നഗര്‍ സ്വദേശിയായ ജസ്പ്രീത് സിംഗാണ് പിടിയിലായത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. ചെങ്കോട്ടയില്‍ സംഘര്‍ഷത്തിനിടയില്‍ മകുടത്തിന് മുകളിലേക്ക് വലിഞ്ഞു കയറിയത് ജസ്പ്രീത് സിംഗായിരുന്നു. ജനുവരി 26 നാണ് ട്രാക്ടര്‍ റാലിയുടെ മറവില്‍ ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ സംഘര്‍ഷം നടത്തിയത്.
അറസ്റ്റിലായ മനീന്ദര്‍ സിംഗിന് പുറകില്‍ ആളുകളെ പ്രകോപിപ്പിക്കാന്‍ നിന്നിരുന്ന ജസ്പ്രീത് സിംഗ് ചെങ്കോട്ടയിലെ മകുടത്തിന് മുകളില്‍ കയറുകയും വാള്‍ വീശി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ വാളുകളും ഇരുമ്പ് വടികളും ഉപയോഗിച്ച് ചെങ്കോട്ടയിലെ വസ്തുക്കള്‍ നശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളിലും ഇത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ട്രാക്ടര്‍ റാലിയ്ക്കിടെ സംഘര്‍ഷം നടത്തിയവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. തുടര്‍ന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Post Your Comments