ഭോപ്പാല്‍: മലയാളം സിനിമ ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സ്വദേശിയായ ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെയാണ് ഇയാള്‍ കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചു മൂടിയത്.
Read Also :അയ്യേ… എന്തൊരു വൃത്തികേട്! ഇങ്ങനെയാണോ റൊട്ടി ഉണ്ടാക്കുന്നത്? അറപ്പുളവാക്കി പാചക്കാരൻ്റെ പ്രവൃത്തി
അഷുതോഷ് ത്രിപാഠി എന്ന ഡോക്ടറാണ് അറസ്റ്റിലായത്. അറസ്റ്റിന് ശേഷം ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വൈഭ കെവാത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാല് വയസ്സുള്ള യുവതിയുടെ മൃതദേഹം ഭോപ്പാലിലെ ആളൊഴിഞ്ഞ പറമ്പില്‍ അഷുതോഷ് ത്രിപാഠി മറവുചെയ്യുകയായിരുന്നു. ത്രിപാഠിയുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു യുവതി.
കഴിഞ്ഞ ഡിസംബര്‍ പതിനാലിന് ജോലി കഴിഞ്ഞ് യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളെ കുറിച്ച് ത്രിപാഠിയോട് ചോദിച്ചെങ്കിലും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. വൈഭയെ ഫോണില്‍ ബന്ധപ്പെടാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഫെബ്രുവരി ഒന്നിനാണ് മകളെ കാണുന്നില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പരാതി നല്‍കിയത്. താനുമായി വൈഭ പിണങ്ങി സ്വന്തമായി താമസിക്കാന്‍ തുടങ്ങിയെന്നായിരുന്നു ത്രിപാഠി രക്ഷിതാക്കളെ അറിയിച്ചിരുന്നത്. കാണാനില്ലെന്ന പരാതിയില്‍ പൊലീസ് ത്രിപാഠിയെ ചോദ്യം ചെയ്‌തെങ്കിലും തനിക്ക് അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി.
വൈഭയുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ത്രിപാഠിയിലേക്ക് സംശയം നീങ്ങാന്‍ കാരണം. ഡിസംബര്‍ 14ന് യുവതിയുടെയും ത്രിപാഠിയുടെയും ടവര്‍ ലൊക്കേഷന്‍ ഒരേ സ്ഥലത്താണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ത്രിപാഠിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.
യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് യുവതിയുമായി ത്രിപാഠി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ മൃതദേഹത്തിനൊപ്പം പട്ടിയേയും ഇയാള്‍ കുഴിച്ചിട്ടു. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് എവിടെ നിന്നാണ് ചത്ത പട്ടിയെ കിട്ടിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ത്രിപാഠിയെ സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments