തിരുവനന്തപുരം : സര്‍ക്കാരിനെ വെട്ടിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കൂടുതല്‍ രേഖകളാണ് ചെന്നിത്തല പുറത്തു വിട്ടത്. അമേരിക്കന്‍ കമ്പനിയായ ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്പനിയ്ക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ചെന്നിത്തല പുറത്തു വിട്ടത്.
ധാരാണ പത്രം റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കില്‍ എന്തിനാണ് എംഒയു ഒപ്പിട്ടതെന്നും ചോദിച്ചു. ന്യൂയോര്‍ക്കില്‍ വച്ചാണ് ഫിഷറീസ് കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതെന്നും കമ്പനി രേഖകള്‍ തന്നെ അതിന് തെളിവാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടക്കില്ലെന്ന് പറഞ്ഞ് മേഴ്സികുട്ടി അമ്മ ഓടിച്ചു വിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചു കൊണ്ടു വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങള്‍ നിര്‍മ്മിയ്ക്കാനുള്ള കരാറില്‍ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു.
ആരോപണങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് മന്ത്രിയില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നത്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്. അമേരിക്കയില്‍ വച്ച് മന്ത്രി മേഴ്‌സിക്കുട്ടി ഇഎംസിസിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ്. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് താന്‍ ഫോട്ടോ പുറത്ത് വിട്ടതോടെ സമ്മതിയ്‌ക്കേണ്ടി വന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments