റിയാദ്: വ്യാപാര മേഖലയ്ക്ക് പുറമെ പ്രതിരോധ മേഖലയിലും ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സൗദി അറേബ്യയും. സൈനികാഭ്യാസത്തിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഒരു ഇന്ത്യന്‍ സൈനിക മേധാവിയുടെ ആദ്യ സൗദി സന്ദര്‍ശനം കൂടിയായിരുന്നു ഇത്.
അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുവിഭാഗവും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുക. സന്ദര്‍ശന വേളയില്‍ കരസേനാ മേധാവി റോയല്‍ സൗദി ലാന്‍ഡ് ഫോഴ്സിന്റെ ആസ്ഥാനം, ജോയിന്റ് ഫോഴ്സ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ്, കിങ് അബ്ദുല്‍ അസീസ് മിലിട്ടറി അക്കാദമി എന്നിവ സന്ദര്‍ശിച്ചിരുന്നു. 2020 മാര്‍ച്ചില്‍ സംയുക്ത നാവിക അഭ്യാസം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.
1947 ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ഇരുരാജ്യങ്ങള്‍ തമ്മില്‍ സൗഹൃദപരവുമായ ബന്ധമാണ് നിലനില്‍ക്കുന്നത്. മാത്രമല്ല, സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം 2.6 ദശലക്ഷത്തോളം വരുന്ന ഇന്ത്യക്കാരാണ്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. അസംസ്‌കൃത എണ്ണയുടെ 18 ശതമാനവും ഇന്ത്യയാണ് ഇറക്കുമതി ചെയ്യുന്നത്. സൗദിയുടെ 8 തന്ത്രപ്രധാന പങ്കാളി രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യയിലേക്കുള്ള രണ്ട് യാത്രകളും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനവും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായകമായിരുന്നു.
2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് നല്‍കിയ ‘സ്റ്റേറ്റ് വിസിറ്റ്’ ബഹുമതി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയിരുന്നു. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരായ പുല്‍വാമ ഭീകരാക്രമണത്തെ സന്ദർശന വേളയിൽ സൗദി കിരീടാവകാശി ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
Post Your Comments