Latest NewsKeralaIndia

അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ലക്ഷ്യമിട്ടത് ലഖ്‌നൗവിൽ സ്ഫോടന പരമ്പര

ശാരീരിക ക്ഷമതയുളള ചെറുപ്പക്കാരെ കണ്ടെത്തി കായിക പരിശീലനം നല്‍കുകയും അവരെ ബ്രെയിന്‍വാഷ് ചെയ്ത് ഉപയോഗിക്കുകയുമാണ് ലക്ഷ്യമെന്ന് അറസ്റ്റിലായ ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിടിയിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും പിടിച്ചെടുത്തത് വന്‍ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ ചുവന്ന വയര്‍, 32 ബോര്‍ പിസ്റ്റള്‍, ഏഴ് വെടിയുണ്ടകള്‍ തുടങ്ങിയവയാണ് പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന്റെ ചിത്രങ്ങളും യുപി പോലീസ് പുറത്തുവിട്ടു. പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായ അന്‍സാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവര്‍.

നാല് എടിഎം കാര്‍ഡുകളും പാന്‍ കാര്‍ഡുകളും പണവും പെന്‍ഡ്രൈവും മെട്രോ കാര്‍ഡും അടക്കമുളള വസ്തുക്കളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തുന്നതായി യുപിയിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതായും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ ഇവര്‍ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

രാജ്യത്തെ പ്രമുഖ ഹിന്ദു സംഘടനാ നേതാക്കളെയാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ ജാഗ്രത പാലിച്ച പോലീസിന് ഫെബ്രുവരി 11 ന് സംശയകരമായ സാഹചര്യത്തില്‍ ചിലര്‍ യുപിയിലേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന സജീവമാക്കിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പിന്നാലെ ചൊവ്വാഴ്ച ഇവരുടെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന് ചോര്‍ന്നുകിട്ടി. വസന്ത പഞ്ചമി ദിനത്തില്‍ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് തീരുമാനമെന്നും വിവരം ലഭിച്ചു. ജനങ്ങളുടെ മനസില്‍ ഭയവും തീവ്രവാദ ഭീഷണിയും ഉണ്ടാക്കുകയായിരുന്നു ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടത്. ഒപ്പം സാമൂഹ്യ മത സൗഹാര്‍ദ്ദം തകര്‍ക്കാനും പദ്ധതിയുണ്ടായിരുന്നു.

ശാരീരിക ക്ഷമതയുളള ചെറുപ്പക്കാരെ കണ്ടെത്തി കായിക പരിശീലനം നല്‍കുകയും അവരെ ബ്രെയിന്‍വാഷ് ചെയ്ത് ഉപയോഗിക്കുകയുമാണ് ലക്ഷ്യമെന്ന് അറസ്റ്റിലായ ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ലക്‌നൗ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം സംഭവം കെട്ടുകഥയാണെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം. ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ഇസ്ലാമിക വേട്ടയാണ് എന്ന നിലയില്‍ പ്രചരണം ശക്തമാണ്.

ചെങ്കോട്ടയിലെ സംഘർഷത്തിന് ദിവസങ്ങൾക്ക് മുൻപ് ചർച്ച നടന്നു, ദിഷയും നികിതയും ലീഡർമാർ; ഞെട്ടിക്കുന്ന വിവരങ്ങൾ

അറസ്റ്റിലായവര്‍ സംഘടന വിപുലീകരണ ചുമതലയുമായി ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പോപ്പുലര്‍ ഫ്രണ്ട‌് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇരുവരെയും ഈ മാസം 11 ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിരുന്നെന്നും കുറിപ്പില്‍ പറയുന്നു.

ദളിതുകളെ സവര്‍ണര്‍ ആക്രമിക്കുമ്പോള്‍ ഇസ്ലാമിക് സംഘടനകളുടെ നേതാക്കളെയും മുസ്ലീങ്ങളെയും ഭരണകൂടം തന്നെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് മുസ്ലിം സംഘടനകളും ചില ആക്ടിവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് തന്നെ ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button