ഡോളർ കടത്ത് കേസിൽ യുണീടാക് ഉടമ സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ ആലോചന. എൻഐഎ ഉൾപ്പെടെയുള്ള മൂന്ന് ഏജൻസികൾക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായകരമാകും.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണമെത്താൻ സഹായിക്കുന്ന നിർണായക മൊഴിയാണ് സന്തോഷ് ഈപ്പന്റെതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. കേസിൽ സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്.
സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡോളർ കടത്തു കേസിലെ മുഖ്യകണ്ണി ഖാലിദ് അലി ഷൗക്രിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാനും പദ്ധതിയിടുന്നുണ്ട്. എൻഐഎ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിനും ഇത് സഹായകമാകും.
ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
Post Your Comments