ന്യൂഡല്‍ഹി : പൊലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ തൂങ്ങി മരിച്ചു. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഒരു സ്റ്റേഷനില്‍ എസ്‌ഐ ആയ രാജ്‌വീര്‍ സിംഗ് (39) എന്നയാളാണ് ആംബുലന്‍സിനുള്ളില്‍ തൂങ്ങി മരിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ സെന്‍ട്രെലൈസ്ഡ് ആക്‌സിഡന്റ് ട്രോമാ സര്‍വീസസ് ആംബുലന്‍സിലാണ് പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്.
ദ്വാരകയിലെ വീട്ടില്‍ നിന്നാണ് രാജ്‌വീര്‍ ആംബുലന്‍സിനായി വിളിച്ചത്. അസുഖബാധിതനായ ഇയാളെ മൂന്നോളം ആശുപത്രികളിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ടു. ആശുപത്രികളിലെ പ്രതികരണത്തില്‍ അരിശം പൂണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റ രീതികള്‍ കണ്ട് ആംബുലന്‍സ് ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആംബുലന്‍സില്‍ തന്നെയുണ്ടായിരുന്ന ഒരു വസ്ത്രം ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ഡിസിപി ആര്‍.പി മീന അറിയിച്ചത്.
അഞ്ച് ദിവസമായി രാജ്‌വീര്‍ സിംഗ് അവധിയിലായിരുന്നു. സംഭവം നടന്ന ദിവസവും ഇയാള്‍ അവധി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസും ഡോക്ടര്‍മാരും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആരെയും സംരക്ഷിക്കില്ലെന്നും നിയമ നടപടി കൈക്കൊള്ളുമെന്നും കാറ്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Post Your Comments