ഇടുക്കി നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാർശകളുമടങ്ങിയ റിപ്പോർട്ട് പൊതുവായി അംഗീകരിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാർശയും അംഗീകരിക്കും.
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാജ്കുമാറിന് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ ഇതിന് ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച് മന്ത്രിസഭായോഗം ശുപാർശകൾ അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉടൻ ഉണ്ടായേക്കും.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത രാജ്കുമാർ പീരുമേട് സബ്ജയിലിൽ റിമാൻഡിൽ ഇരിക്കെ 2019 ജൂൺ 21 നാണ് മരിക്കുന്നത്. തുടർന്ന് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ രാജ്കുമാർ കസ്റ്റഡിയിലിരിക്കെ ക്രൂര മർദ്ദനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇത് വ്യക്തമായിരുന്നു.
Post Your Comments