
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല വീണ്ടും വീട്ടുതടങ്കലില്‍. തന്നെയും കുടുംബത്തെയും പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ഉമര്‍ അബ്ദുല്ല അറിയിച്ചു. പിതാവും എംപിയുമായ ഫാറൂഖ് അബ്ദുല്ല, തന്റെ ഭാര്യ, മക്കള്‍, സഹോദരി എന്നിവരെയും പുറത്തിറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാണ് 2019 ആഗസ്റ്റിന് ശേഷമുള്ള പുതിയ കശ്മീര്‍. യാതൊരു വിശദീകരണവും നല്‍കാതെയാണ് വീട്ടില്‍ അടച്ചിട്ടിരിക്കുന്നതെന്നും ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ പരിംപോറയില്‍ തീവ്രവാദികളെന്ന് ആരോപിച്ച് മൂന്ന് പേരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിലൊരാളായ അത്തര്‍ മുഷ്താഖിന്റെ കുടുംബത്തെ കാണാന്‍ പോകാനിരിക്കെയാണ് മെഹ്ബൂബ മുഫ്തിയെ ശനിയാഴ്ച വീട്ടുതടങ്കലിലാക്കിയത്. അത്താറിന്റെ മൃതദേഹം വിട്ടുതരണം എന്ന് ആവശ്യപ്പെട്ട പിതാവിനെതിരെ യുഎപിഎ നിയമ പ്രകാരം കേസെടുത്തുവെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് മുമ്പില്‍ കശ്മീര്‍ സാധാരണ നിലയിലാണ് എന്ന് കാണിക്കാനാണ് കേന്ദ്രം ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
Read Also: ഇസ്രയേലില്‍ നിന്നും ഇറാനിലേക്ക് തോക്ക് എത്തിച്ചത് പീസ് പീസായി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇതിന് തൊട്ടുമുമ്പ് കശ്മീരിലെ രാഷ്ട്രീയ, മത നേതാക്കളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം പലപ്പോഴായി നേതാക്കളെ വിട്ടയച്ചു. ഇപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്.
Post Your Comments