ഗുവാഹത്തി∙: രാജ്യമാകെ ഇന്ധന വില കുതിച്ചു കയറുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് ബിജെപി ഭരിക്കുന്ന അസം. പെട്രോളിനും ഡീസലിനും ലീറ്ററിന് അഞ്ചു രൂപ വീതം കുറയ്ക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വാസ് നിയമസഭയില്‍ അറിയിച്ചു. മദ്യത്തിന്റെ നികുതിയില്‍ അസം സര്‍ക്കാര്‍ 25 ശതമാനം കുറവും വരുത്തി. പുതുക്കിയ നിരക്ക് അര്‍ധരാത്രിയോടെ നിലവില്‍ വരും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിര്‍ണായക തീരുമാനം. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന സൂചനകൾക്കിടെ വില കുറച്ചതും നിർണ്ണായകമായി. സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാവും തെരഞ്ഞെടുപ്പ്. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലുള്ള മേഘാലയയില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിനിടെ, കേരളത്തില്‍ ആദ്യമായി പെട്രോള്‍ വില 90 കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് ഡീസല്‍ വില ലിറ്ററിന് 82 രൂപ 66 പൈസയും പെട്രോള്‍ വില 88 രൂപ 30 പൈസയുമാണ്. കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്.
Post Your Comments