തിരുവനന്തപുരം: വികസനകാര്യം ഒടുവിൽ വാക്‌പോരില്‍ അവസാനിപ്പിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ആര് മാപ്പുപറയുമെന്നതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും ബലാബലം പരീക്ഷിച്ചതോടെ വികസനകാര്യം ചര്‍ച്ചചെയ്യേണ്ട കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പരാജയം. വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരില്‍ സംഘടനാ പരിപാടിക്ക് പോയ മേയര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തെ വികസന സെമിനാറായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രതിപക്ഷമാണ് മാപ്പുപറയേണ്ടതെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും നിലപാടെടുത്തു. ഇതോടെ യോഗം ബഹളമയമായി.
എന്നാൽ വാക്പോര് മുറുകിയതോടെ പ്രതിപക്ഷാംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു. മേയര്‍ മാപ്പുപറയണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു.ഡി.എഫ് നേതാവ് പി. പത്മകുമാറാണ്. പിന്നാലെ സംസാരിച്ച ബി.ജെ.പി അംഗം കരമന അജിത്ത് മേയറെ കടന്നാക്രമിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും മിനിട്സ് ലഭ്യമാക്കിയില്ല. കരട് പദ്ധതിയില്‍ 90 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ പദ്ധിതികളാണ്. ചുമതല കൃത്യമായി നിര്‍വഹിക്കാത്ത മേയര്‍ മാപ്പുപറയണമെന്നും അജിത്തും ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷത്തെ തിരിച്ചടിക്കുന്ന സമീപനമാണ് മേയറും സ്വീകരിച്ചത്. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തെ വികസന സെമിനാറായി ചിത്രീകരിച്ച് വ്യജപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച 35 ബി.ജെ.പി കൗണ്‍സിലര്‍മാരാണ് ആദ്യം ജനങ്ങളോട് മാപ്പ് പറയേണ്ടതെന്ന് മേയര്‍ പറഞ്ഞു. വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗ തീരുമാനം സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ അംഗീകരിച്ചുകൊണ്ടുള്ള ശുപാര്‍ശ കൗണ്‍സിലില്‍ കൊണ്ടുവന്നത് തെറ്റാണെന്നും പൊതുയോഗത്തിന് ശേഷം സ്ഥിരം സമിതികള്‍ ചേര്‍ന്നിട്ടില്ലെന്നും കൗണ്‍സിലര്‍ അനില്‍ ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ നോട്ടീസിലെ മേയറുടെ ഒപ്പും സീലും വ്യാജമാണോയെന്ന പരാമര്‍ശം തര്‍ക്കത്തിനിടയാക്കി. അനിലിന് പിന്തുണയുമായി കരമന അജിത് എഴുന്നേറ്റതോടെ ഭരണപക്ഷ നിരയില്‍ നിന്ന് ഡി.ആര്‍. അനില്‍, എസ്.സലിം എന്നിവര്‍ മേയര്‍ക്ക് പ്രതിരോധം തീര്‍ത്തു.
എന്നാൽ മാപ്പ് പറയാത്ത മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുന്നതായി ബി.ജെ.പി നേതാവ് എം.ആര്‍.ഗോപന്‍ അറിയിച്ചു. പിന്നാലെ യു.ഡി.എഫ് അംഗങ്ങളും മേയര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി എഴുന്നേറ്റു. ഇതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ കൂകിവിളിച്ചു. യു.ഡി.എഫും യോഗം ബഹിഷ്‌കരിച്ചതോടെ അജന്‍ഡ പാസാക്കി കൗണ്‍സില്‍ പിരിയുന്നതായി മേയര്‍ അറിയിച്ചു. പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുന്നതിനിടെ മേയര്‍ നിലപാട് വിശദീകരിച്ചു. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തത്. ഇടതുപ്രസ്ഥാനത്തിന്റെ ഭാഗമായതിനാലാണ് ഈ സ്ഥാനത്ത് എത്തിയത്. അതില്‍ അഭിമാനമേയുള്ളൂവെന്നും വ്യക്തമാക്കിയ ആര്യ കൗണ്‍സില്‍ യോഗത്തില്‍ മര്യാദ പാലിച്ചില്ലെങ്കില്‍ അജന്‍ഡകള്‍ പാസാക്കാന്‍ അറിയാമെന്നുള്ള മുന്നറിയിപ്പും നല്‍കി.
Post Your Comments