ചെന്നൈ ∙ കമൽ ഹാസനെ മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി പാർട്ടിയുടെ പ്രഥമ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. സഖ്യ രൂപീകരണം, സ്ഥാനാർഥി നിർണയം ഉൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. അതേസമയം കമലഹാസനും രജനികാന്തിനും ഒന്നും രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
എംജിആറും ശിവാജി ഗണേശനും എന്തിന് ജയലളിത വരെ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സമയം വ്യത്യസ്തമായിരുന്നുവെന്നും തമിഴ്‌നാട്ടിലെ കോൺഗ്രസ്സിന്റെ ചുമതലയുള്ള മണിശങ്കർ അയ്യർ പറഞ്ഞു. ‘എം.ജി. രാമചന്ദ്രൻ (എംജിആർ), ശിവാജി ഗണേശൻ, ജയലളിത തുടങ്ങിയവർ പോലും വിപ്ലവകരമായ ഒരു സാമൂഹിക സന്ദേശം നൽകുന്ന സിനിമകളിൽ ഏർപ്പെട്ടിരുന്ന പഴയ കാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു.
എന്നാൽ രജനീകാന്തും കമൽഹാസനും ഒരു രാഷ്ട്രീയ സന്ദേശം നൽകാൻ പോലും സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ചിട്ടില്ല. അവരെന്നും ജനപ്രിയ സിനിമ താരങ്ങളായി തന്നെ നിലനിൽക്കും , പക്ഷെ രാഷ്ട്രീയത്തിലൂടെ ആരെയും ആകർഷിക്കാനാകില്ല’– അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചനും രാജേഷ് ഖന്നയുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങിയവരാണെങ്കിലും അവരൊക്കെ രാഷ്ട്രീയത്തിൽ പരാജയപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. അതു തന്നെയാണ് ഇവിടെയും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments