
റേനി: മലഞ്ചെരുവില്‍ തങ്ങിനിന്ന കൂറ്റന്‍ മഞ്ഞുപാളിക്കൊപ്പം മലയുടെ ഒരു ഭാഗവും അടര്‍ന്നുവീണ് നദിയിലൂടെ കുത്തിയൊലിച്ചതാണു ചമോലിയിലെ ദുരന്തത്തിനു കാരണമെന്ന് ഡിഫന്‍സ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് റിസര്‍ച്ച് എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) യുടെ ഭാഗമായി ഭൂപ്രകൃതിയെപ്പറ്റിയും മഞ്ഞിടിച്ചിലിനെപ്പറ്റിയും പഠിക്കുന്ന വിഭാഗമാണിത്. പ്രാഥമിക റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിനു കൈമാറിയെന്നു ഡയറക്‌ടര്‍ ലോകേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു.
അതേസമയം അപ്രതീക്ഷിത പ്രളയത്തില്‍ കാണാതായ ആറു തൊഴിലാളികള്‍ തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ്, അംറോഹ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു മൂന്നുദിവസത്തെ ദുരിതത്തിനുശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയത്. കാണാതായവരുടെ പട്ടികയിലാണ് അധികൃതര്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നത്. മൂന്നു ദിവസമായി യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ പലരുടെയും ബന്ധുക്കള്‍ നാട്ടിലെ പോലീസ് സ്‌റ്റേഷനുകളില്‍ കാണാനില്ലെന്ന പരാതിയും നല്‍കിയിരുന്നു.
അപ്രതീക്ഷിതമായി വെള്ളം കുതിച്ചെത്തിയതോടെ റെയ്‌നി ഗ്രാമത്തിന്റെ മറുകരയില്‍ തൊഴിലാളികള്‍ പെട്ടുപോവുകയായിരുന്നു. മൊബൈല്‍ ഫോണിന് നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിവരം ആരെയും അറിയിക്കാനായില്ല. പ്രളയത്തില്‍ ജോഷിമഠിലേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ നദി കടന്ന് ജനവാസമേഖലയില്‍ എത്താനുമായില്ല. നേരത്തേ താല്‍ക്കാലികമായി ഉണ്ടാക്കിയ ഹെലിപ്പാഡിലാണ് ഇവര്‍ മൂന്നുദിവസം തമ്പടിച്ചത്.
read also: ആലപ്പുഴയിൽ വിനോദയാത്രികരുമായി പോയ ഹൗസ് ബോട്ടിന് തീ പിടിച്ചു
അതേസമയം ദുരന്തദിവസത്തിനു പിറ്റേന്നു ദുരന്തമുണ്ടായ പ്രദേശത്ത് ആകാശനിരീക്ഷണം നടത്തിയ വിദഗ്‌ധസംഘം കഴിഞ്ഞ ദിവസം റോഡ് മാര്‍ഗവും റേനി ഗ്രാമത്തിലെത്തി പഠനം നടത്തി. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ നേരിടാനുള്ള ശാസ്‌ത്രീയമായ തയാറെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.തപോവന്‍ അണക്കെട്ടിന്റെ ഭാഗമായ തുരങ്കത്തില്‍ ഐ.ടി.ബി.പിയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണുമാന്തികള്‍ ഉപയോഗിച്ച് തടസങ്ങള്‍ നീക്കി ഉള്ളിലേക്കു കടക്കാനുള്ള ശ്രമമാണു നടക്കുന്നത്.
Post Your Comments