ആല്‍വാര്‍ : പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്‌സുമാരുടെ നൃത്തം. ആല്‍വാറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ രണ്ട് നഴ്‌സിംഗ് സ്റ്റാഫുകളും കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയുമാണ് നൃത്തം ചെയ്തത്. ഐ സിയുവില്‍ നൃത്തം ചെയ്ത ഈ മൂന്നു പേര്‍ക്കും എതിരെ ശിക്ഷാ നടപടി സ്വീകരിച്ചു.
വലിയ ശബ്ദത്തില്‍ പാട്ട് വെച്ചായിരുന്നു മൂന്ന് ജീവനക്കാരും നൃത്തം ചെയ്തത്. നൃത്തം ചെയ്ത് വീഡിയോ എടുക്കുന്ന സമയത്ത് സര്‍ജിക്കല്‍ ഐസിയുവില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രാത്രിയില്‍ ആയിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്. പ്രദീപ് കുമാര്‍, യോഗേഷ് യാദവ് എന്നിവരാണ് നൃത്തം ചെയ്ത നഴ്‌സുമാര്‍. ഇതില്‍ ഒരാളെ ട്രോമ സെന്ററിലേക്കും മറ്റേയാളെ മെഡിസിന്‍ വാര്‍ഡിലേക്കുമാണ് മാറ്റിയത്. ശുചീകരണ തൊഴിലാളി ആയിരുന്ന അജയ് കരാര്‍ അടിസ്ഥാനത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അജയിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി രാജീവ് ഗാന്ധി ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ സുനില്‍ ചൗഹാന്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ശുചീകരണ തൊഴിലാളിയെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അദ്ദേഹം വ്യക്തമാക്കി. നൃത്തം ചെയ്ത മറ്റ് രണ്ട് നഴ്‌സുമാരെ സര്‍ജിക്കല്‍ ഐസിയുവില്‍ നിന്ന് വേറെ വകുപ്പിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
Post Your Comments