തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സംസ്ഥാനസർക്കാർ. കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ 10 വർഷമായി ജോലി ചെയ്യുന്ന 150ലേറെ താത്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്.
10 വർഷം സർവീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ഗവേണിംഗ് ബോഡി കഴിഞ്ഞ ദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരപ്പെടുത്താനുള്ളവരുടെ വിവരങ്ങളടങ്ങിയ ഫയൽ ആരോഗ്യവകുപ്പിൽ നിന്ന് നിയമ വകുപ്പിലേക്ക് പോയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കേരളാ ബാങ്കിലും നീക്കം നടക്കുന്നുണ്ട്.
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരത്തെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് അതിനോട് മുഖം തിരിക്കാനാണ് സർക്കാർ ഇതുവരെ ശ്രമിച്ചത്. എന്നാൽ സമരം ശക്തമാക്കാൻ തന്നെയാണ് ഉദ്യോഗാർഥികളുടെ തീരുമാനം. നിലവിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സിവിൽ പോലീസ് ഓഫീസർ എന്നീ റാങ്ക് പട്ടികയിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പുറമേ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ശമ്പളം നിഷേധിച്ച അദ്ധ്യാപകരും സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ പ്രതിഷേധ സമരത്തിലാണ് .
Post Your Comments