Latest NewsNewsIndia

മഞ്ഞുമല ദുരന്തത്തിനു പിന്നില്‍ ന്യൂക്ലിയര്‍ ഉപകരണം ? വെള്ളത്തിന് രൂക്ഷഗന്ധം , വാദം തള്ളി വിദഗ്ദ്ധര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച  മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തം പ്രകൃതിദുരന്തമാണെന്ന് കരുതാനാവില്ലെന്നും പിന്നില്‍ ആണവ ഉപകരണത്തിന്റെ സാന്നിദ്ധ്യമുണ്ടെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

Read Also : ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ 35 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം

1965ല്‍ ഇന്ത്യയുടെ ഒരു രഹസ്യ ദൗത്യത്തിനിടെ നന്ദാദേവി പര്‍വതത്തില്‍ വച്ച് നഷ്ടപ്പെട്ട പ്ലൂട്ടോണിയം റേഡിയോ ആക്ടീവ് ഉപകരണം പൊട്ടിത്തെറിച്ചതിന്റെ ഫലമായിട്ടാണ് മഞ്ഞുമല പൊട്ടിപ്പിളര്‍ന്നതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ദുരന്തമുണ്ടായപ്പോള്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തിനൊപ്പം പതിവില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടതാണ് ഈ സംശയത്തിന് കാരണമായി അവര്‍ പറയുന്നത് . നന്ദാദേവി പര്‍വതത്തില്‍ നിന്നും നദിയിലേക്ക് ജലപ്രവാഹമുണ്ടായപ്പോഴാണ് ഈ ഗന്ധം ആകാശത്തുയര്‍ന്നതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ചു കൊണ്ട് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് കുറച്ച് സമയത്തേയ്ക്ക് തങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും ഗ്രാമവാസികള്‍ പറയുന്നു.

 

1965 ല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയും (ഐ ബി)യും അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും (സി ഐ എ) നന്ദാദേവി പര്‍വതത്തില്‍ സംയുക്ത പര്യവേഷണം നടത്തിയിരുന്നു. അതിര്‍ത്തിയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നതിനായി നന്ദാദേവി പര്‍വതത്തിന്റെ കൊടുമുടിയില്‍ ഒരു ആണവോര്‍ജ്ജ നിരീക്ഷണ ഉപകരണം സ്ഥാപിക്കാന്‍വേണ്ടിയായിരുന്നു ഈ പര്യവേഷണം. എന്നാല്‍ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ ഹിമപാതത്തില്‍ പര്‍വതാരോഹകര്‍ പെടുകയും പര്യവേഷണം നിര്‍ത്തേണ്ടിവരികയും ചെയ്തു. ഹിമപാതത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി സംഘം കൊണ്ടു പോയ ഉപകരണങ്ങള്‍ പര്‍വതത്തിന്റെ അടിത്തട്ടില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

അടുത്ത വര്‍ഷം വീണ്ടും പര്യവേഷക സംഘം പര്‍വതത്തിലേക്ക് തിരിച്ചുപോയെങ്കിലും ഏഴ് പ്ലൂട്ടോണിയം ഗുളികകള്‍ അടങ്ങിയ ന്യൂക്ലിയര്‍ ഇന്ധനം വഹിക്കുന്ന പ്രത്യേക കണ്ടെയ്‌നര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ ഉപകരണം പൊട്ടിത്തെറിച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ദുരന്തമുണ്ടായതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്

അതേസമയം ഗ്രാമവാസികളുടെ സംശയം ശാസ്ത്രജ്ഞര്‍മാര്‍ വിലയ്ക്കെടുക്കുന്നില്ല. 1965 ലെ പര്യവേഷണത്തില്‍ പങ്കെടുത്ത ക്യാപ്ടന്‍ എം എസ് കോഹ്ലി തങ്ങള്‍ കൊണ്ടു പോയ ഉപകരണത്തിന് സ്വയം പൊട്ടിത്തെറിയ്ക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുന്നു. കാരണം അവയ്ക്ക് സ്വയം താപം സൃഷ്ടിക്കുവാന്‍ കഴിയുകയില്ല. അവ അടക്കം ചെയ്തിരിക്കുന്ന പ്രത്യേക കണ്ടെയ്‌നറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍പ്പോലും ഉപകരണം സ്വന്തമായി സജീവമാകാനുള്ള സാദ്ധ്യത ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button