കൊച്ചി : പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ബി കലാം പാഷയ്‌ക്കെതിരെ പരാതിയുമായി രണ്ടാം ഭാര്യ. മുത്തലാഖ് നിരോധനം നില നില്‍ക്കേ തന്നെ തലാഖ് ചൊല്ലി ഒഴിവാക്കിയെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. മുത്തലാഖ് നിയമം മൂലം നിരോധിച്ചതിന് പിന്നാലെയാണ് ഇതേ വിഷയത്തില്‍ ജഡ്ജിയ്‌ക്കെതിരേ പരാതിയുമായി രണ്ടാം ഭാര്യ എത്തിയതെന്നുള്ളതാണ് ശ്രദ്ധേയമാകുന്നത്.
കലാം പാഷയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡന നിയമ പ്രകാരമാണ് പരാതി നല്‍കിയത്. ബി കലാം പാഷ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചെന്നും ഇവര്‍ പരാതിയില്‍ ആരോപിയ്ക്കുന്നു. ജഡ്ജിയ്ക്ക് എതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.
റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷയുടെ സഹോദരനാണ് കലാം പാഷ. കമാല്‍ പാഷയ്ക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. ഒത്തു തീര്‍പ്പിന് വിളിച്ച ശേഷം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍, ആരോപണങ്ങളെല്ലാം കമാല്‍ പാഷ നിഷേധിച്ചു.
Post Your Comments