ന്യൂഡല്‍ഹി: താങ്ങുവിലയും റേഷന്‍ സമ്ബ്രദായവും തുടരുമെന്നും മണ്ഡികള്‍ നവീകരിക്കുമെന്നും രാജ്യസഭയില്‍ നടത്തിയ പ്രഖ്യാപനത്തിനൊപ്പം, ചര്‍ച്ചയ്‌ക്കു കര്‍ഷക സംഘടനകള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ചര്‍ച്ചയ്‌ക്കു തയാറാണെന്നും സര്‍ക്കാര്‍ തീയതിയും സമയവും നിശ്‌ചയിക്കാനും സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാവ് ശിവ്‌കുമാര്‍ കക്കയുടെ പ്രതികരണം. പലപ്പോഴായി കാര്‍ഷിക വിദഗ്‌ധരും യു.പി.എ. സര്‍ക്കാരും നിര്‍ദേശിച്ച കാര്യങ്ങളാണു കാര്‍ഷിക നിയമങ്ങളിലുള്ളതെന്നു രാജ്യസഭയില്‍ മോദി ആവര്‍ത്തിച്ചതു പിന്നോട്ടില്ലെന്നതിന്റെ വ്യക്‌തമായ സൂചനയായി.
കര്‍ഷകര്‍ക്ക് ഏറ്റവും നല്ല വില കിട്ടുന്നതിനു പ്രതിബന്ധമായ പഴഞ്ചന്‍ നിബന്ധനകള്‍ നീക്കണമെന്നും ഏതു വിപണിയിലും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവകാശം നല്‍കുന്നതിലൂടെ അവര്‍ക്കു മുന്നില്‍ സാധ്യതകളുടെ ലോകം തുറക്കണമെന്നുമുള്ള മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പഴയ പ്രഖ്യാപനം മോദി ചൂണ്ടിക്കാട്ടി.
സമരം ആളിക്കത്തിക്കുന്നതിനു പകരം, കാര്‍ഷിക മേഖലയില്‍ തങ്ങള്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളാണു മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അഭിമാനിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. പ്രതിപക്ഷം സര്‍ക്കാരിനെ ആക്രമിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വികസന വഴിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നു കര്‍ഷകരോടു പറയുകയും വേണം. നമുക്കു മുന്നോട്ടാണു പോകേണ്ടത്. പിന്നോട്ടല്ല. പരിഷ്‌കാരങ്ങള്‍ക്ക് ഒരു അവസരം കൊടുക്കുക- പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക നിയമങ്ങളോടു പാര്‍ലമെന്റില്‍ ഉയര്‍ന്ന എതിര്‍പ്പുകളെല്ലാം നടപടിക്രമങ്ങളെച്ചൊല്ലിയാണെന്നും കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു ചര്‍ച്ചയ്‌ക്കു തീയതി നിശ്‌ചയിക്കാന്‍ ശിവ്‌കുമാര്‍ കക്ക സര്‍ക്കാരിനോടു പറഞ്ഞത്.
Post Your Comments