
തിരുവനന്തപുരം: ‘എന്റെ കട’ സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പുകേസിലെ പ്രധാന പ്രതി കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ വന്‍ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ആര്യനാട് നിന്നാണ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരൂവിലും ആന്ധ്രപ്രദേശിലെ വിവിധ സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍ . കഴിഞ്ഞദിവസം ആര്യനാട്ടുള്ള സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് അറസ്റ്റ്.
Read Also : പ്രവാസികള്‍ക്ക് താമസിയ്ക്കാനും ജോലി ചെയ്യാനുമുള്ള ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യം ഇതാണ്
‘എന്റെ കട’ സൂപ്പര്‍ മാര്‍ക്കറ്റുകളിലേയ്ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം മൊത്തവിതരണക്കാരെ കബളിപ്പിച്ച് ഇയാള്‍ കോടികളുടെ വെട്ടിപ്പാണ് നടത്തിയത്. ഭാവിയില്‍ ഈ കടകള്‍ കുറഞ്ഞ വിലയ്ക്ക് സാധനം വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാകുന്ന കടകളാകുമെന്ന് പ്രചരിപ്പിച്ചാണ് കോടികള്‍ വെട്ടിച്ചത്.
‘എന്റെ കട’ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരെവരെ സ്വാധീനിച്ചു. സമ്മര്‍ദതന്ത്രത്തില്‍ വീണ മൊത്തവിതരണക്കാര്‍ സാധനങ്ങളുടെ ബില്‍തുക മാറേണ്ടത് കിഴക്കേകോട്ടയിലുള്ള കമ്പനി ആസ്ഥാനത്തുചെന്നായിരുന്നു. ഔട്ട്ലെറ്റ് ഉടമകള്‍ സാധനങ്ങളുടെ തുക മൊത്തവിതരണക്കാരന് നേരിട്ട് നല്‍കാന്‍ കമ്പനി അനുവദിച്ചില്ല. പകരം ഔട്ട്ലെറ്റ് ഉടമകള്‍ കമ്പനിയില്‍ കൊണ്ടുപോയി പണം അടച്ചു. ഈ തുക വിതരണക്കാര്‍ക്ക് നല്‍കാതെയായിരുന്നു തട്ടിപ്പ്.
മൊത്തവിതരണക്കാര്‍ക്ക് പരമാവധി രണ്ടുതവണയാണ് പണം നല്‍കിയത്. മൂന്നാംതവണ പണം നല്‍കിയില്ല. ഔട്ട്ലെറ്റ് നടത്തിപ്പുകാര്‍ കമ്പനിയില്‍ പണം അടയ്ക്കുകയുംചെയ്തു. അഞ്ചുലക്ഷംമുതല്‍ 20ലക്ഷം രൂപവരെയാണ് മൊത്തവിതരണക്കാര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. വന്‍തോതില്‍ പരസ്യം നല്‍കുന്ന ഒരു ബ്രാന്‍ഡഡ് അരി നിര്‍മ്മാതാക്കളും പണം കിട്ടാനുള്ളവരുടെ പട്ടികയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദ്ധതിയുടെയും ഭാഗമായിരുന്നില്ല ‘എന്റെ കട’. എന്നിട്ടും പ്രധാനമന്ത്രിയുടെ ചിത്രവും വിവിധ കേന്ദ്രപദ്ധതികളുടെ ഔദ്യോഗികമുദ്രകളും ദുരുപയോഗം ചെയ്തും തട്ടിപ്പ് നടത്തി.
സംസ്ഥാനത്തു പല സ്ഥലങ്ങളിലുള്ള 35 പേരില്‍ നിന്നായി 30 കോടി രൂപയോളം തട്ടിയെടുത്തതായാണു കേസ്. 3 വര്‍ഷം മുന്‍പ് മാന്നാര്‍ സ്വദേശികള്‍ നല്‍കിയ പരാതിയില്‍ മനോജ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു ജാമ്യം ലഭിച്ചു. അതിനുശേഷമാണ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നു ഇയാള്‍ക്കെതിരെ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
Post Your Comments