തിരുവനന്തപുരം : കഴിഞ്ഞ പത്ത് വര്‍ഷം നിഷേധിച്ച ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നും കെഎസ്ആര്‍ടിസിയെ വെട്ടി മുറിച്ച് കമ്പനിയാക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പണിമുടക്ക് നടത്തുന്നു. 23-ാം തീയതിയാണ് 24 മണിക്കൂര്‍ നീണ്ട സൂചനാ പണിമുടക്കിന് കെഎസ്ടി എംപ്ലോയീസ് സംഘ് ഒരുങ്ങുന്നത്.
സംസ്ഥാന പ്രസിഡന്റ് ജി.കെ അജിത്, ജനറല്‍ സെക്രട്ടറി കെ.എല്‍ രാജേഷ്, വര്‍ക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കിഴക്കേകോട്ടയില്‍ നിന്നും പ്രകടനമായി ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെത്തി സിഎംഡിയ്ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. ഏഴിന ആവശ്യങ്ങളാണ് പ്രധാനമായും ഇവര്‍ മുന്നോട്ട് വെച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പത്തു വര്‍ഷം നിഷേധിയ്ക്കപ്പെട്ട ശമ്പള പരിഷ്‌ക്കരണം അടിയന്തിരമായി നടപ്പാക്കണം, കെഎസ്ആര്‍ടിസിയെ വെട്ടി മുറിച്ച് കമ്പനിയാക്കി സഹകരണ സംഘങ്ങള്‍ക്ക് അടിയറ വെയ്ക്കുന്ന സര്‍ക്കാര്‍ നയത്തില്‍ നിന്നും പിന്മാറുക, കെഎസ്ആര്‍ടിസിയിലെ 100 കോടി ഉള്‍പ്പെടെയുള്ള എല്ലാ അഴിമതികളും പോലീസ് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിയ്ക്കുക, കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പിരിച്ചു വിട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ കെഎസ്ആര്‍ടിസിയിലോ കെയുആര്‍ടിസിയിലോ സ്ഥിരപ്പെടുത്തുക, അടിയന്തിരമായി ആശ്രിത നിയമനം നല്‍കുക, പൊതുഗതാഗതം സേവന മേഖലയായി പരിഗണിച്ച് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്.
ആവശ്യങ്ങളില്‍ വിശദമായി ചര്‍ച്ച നടന്നു. വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും ജനുവരിയിലെ ശമ്പളം ഇന്നു തന്നെ നല്‍കാന്‍ നടപടി എടുക്കാമെന്നും സിഎംഡി അറിയിച്ചു. എന്നാല്‍ സൂചനാ പണിമുടക്കിന് ആധാരമായ വിഷയങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ തീരുമാനം.
Post Your Comments