ന്യൂഡല്‍ഹി: ഇന്ത്യയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് ഏതൊക്കെ അക്കൗണ്ടുകളാണെന്ന് കണ്ടെത്തി, എത്രയും പെട്ടെന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിനോട് ആയിരത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലെ 1,178 അക്കൗണ്ടുകള്‍ പ്രകോപനപരമായ ഉള്ളടക്കം ഉള്ളവയാണെന്നും ഇവ സത്യവിരുദ്ധമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവയാണെന്നും കേന്ദ്രം പറയുന്നു. ഈ അക്കൗണ്ടുകള്‍ ഖാലിസ്ഥാനി-പാകിസ്ഥാനി യൂസേഴ്‌സ് ആണ് കൈകാര്യം
ചെയ്യുന്നതെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്
Read Also : വനിതാ താരങ്ങള്‍ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ വിവാദം , പ്രതികരണവുമായി നടി ഹണി റോസ്
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ആവശ്യം ട്വിറ്റര്‍ അംഗീകരിച്ചിട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെ ബഹുമാനിച്ചുകൊണ്ട് തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് കമ്പനി പ്രതികരിച്ചിരിക്കുന്നത്. ജനുവരി 31നും കേന്ദ്ര ഇലക്ട്രോണിക്‌സ്/ഐടി മന്ത്രാലയം ട്വിറ്ററിനോട് ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു.
257 ട്വിറ്റര്‍ ഹാന്‍ഡിലുകളും ഒപ്പം ട്വീറ്റുകളും അടങ്ങിയ പട്ടിക നല്‍കിയ ശേഷം ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അന്ന് ഇവ താത്കാലികമായി ബ്ലോക്ക് ചെയ്ത ട്വിറ്റര്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്തിരുന്നു.
ശേഷം ഫെബ്രുവരി നാലിനും കേന്ദ്രം ബ്ലോക്ക് ചെയ്യേണ്ട അക്കൗണ്ടുകളുടെ മറ്റൊരു പട്ടിക ട്വിറ്ററിന് കൈമാറി. ഈ അക്കൗണ്ടുകള്‍ക്ക് ഖാലിസ്ഥാനി പിന്തുണയുണ്ടെന്നും അവയ്ക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയതായും കേന്ദ്രം പറഞ്ഞിരുന്നു. ഇവ വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് പ്രവര്‍ത്തിക്കുന്നതെന്നും കര്‍ഷക സമരത്തിനിടെ സാമൂഹിക ക്രമത്തെ ഇവര്‍ തകര്‍ക്കുകയാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.
Post Your Comments