കിളിമാനൂർ; വാഹനങ്ങൾ തട്ടിയെടുത്ത് വ്യാജ രേഖകൾ ചമച്ച് വിൽക്കുന്ന സംഘത്തിലെ 3 പേർ പോലീസ് പിടിയിലായിരുന്നു. പത്തനംതിട്ട കണ്ണംകര തോപ്പിൽ ഹൗസിൽ നിന്നു നഗരൂർ ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം തോപ്പിൽ ഹൗസിൽ ഷിജു കരിം (31), ചെങ്കിക്കുന്ന് കായാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ജ്യോതിഷ് കൃഷ്ണൻ(26), കിളിമാനൂർ വർത്തൂർ മുന്നിനാട് വീട്ടിൽ നിന്നും പുളിമാത്ത് മൊട്ടലുവിള മേടയിൽ വീട്ടിൽ ബിജു റഹ്മാൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാർ കൈവശപ്പെടുത്തിയ ശേഷം തിരിച്ചു നൽകുന്നില്ലെന്ന് കാട്ടി മഞ്ഞപ്പാറ വട്ടത്താമര കോണത്തുപുത്തൻ വീട്ടിൽ സിദ്ദിഖ് (32) നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിൽ ആകുന്നത്.
ഇവരെ റിമാൻഡ് ചെയ്തു. വ്യാജ ആർസി ബുക്കുകൾ, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡുകൾ, മുദ്രപത്രങ്ങൾ എന്നിവയും, രേഖകൾ നിർമിക്കുന്നതിനു ഉപയോഗിച്ച ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവുകൾ, കേബിളുകൾ എന്നിവയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കിളിമാനൂരിലും പരിസരങ്ങളിലുമായി അഞ്ചോളം വാഹനങ്ങൾ സംഘം വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് പറയുകയുണ്ടായി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് കിളിമാനൂർ പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments