Latest NewsKeralaNews

ട്രോള്‍ വീഡിയോയ്ക്ക് വേണ്ടി മനപൂര്‍വ്വം വാഹനാപകടം ഉണ്ടാക്കി ; യുവാക്കള്‍ക്ക് കിട്ടിയത് വമ്പന്‍ പണി

ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ തമാശ സീനിലുള്ള ഡയലോഗുകള്‍ ഉള്‍പ്പടെ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ വൈറലായിരുന്നു

ആലപ്പുഴ : ട്രോള്‍ വീഡിയോയ്ക്ക് വേണ്ടി മനപൂര്‍വ്വം വാഹനാപകടം ഉണ്ടാക്കിയ യുവാക്കള്‍ക്ക് കിട്ടിയത് വമ്പന്‍ പണി. ആലപ്പുഴ തൃക്കുന്നപുഴയിലായിരുന്നു സംഭവം. മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവര്‍ സഞ്ചരിച്ച ആഡംബര ബൈക്കാണ് വയോധികന്‍ പിന്നിലിരുന്നു സഞ്ചരിച്ച മറ്റൊരു ബൈക്കില്‍ ഇടിച്ചത്. സുജീഷ്, അഖില്‍, ശരത് എന്നിവരടക്കം ബാക്കിയുള്ള യുവാക്കള്‍ ഇവരെ ബൈക്കില്‍ പിന്തുടരുകയായിരുന്നു.

ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ തമാശ സീനിലുള്ള ഡയലോഗുകള്‍ ഉള്‍പ്പടെ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ വൈറലായിരുന്നു. ഇത് ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്ത പൊലീസ്, പൊതുജനങ്ങള്‍ക്ക് അപകട രഹിത വാഹനമോടിക്കല്‍ സംബന്ധിച്ച് ഉപദേശം നല്‍കിയിരുന്നു. സ്വാഭാവിക അപകടം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് അറിയുന്നത് ഇത് ട്രോള്‍ വീഡിയോയ്ക്ക് വേണ്ടി സൃഷ്ടിച്ച അപകടമാണെന്ന്.

വയോധികന്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അമിത വേഗത്തില്‍ വന്ന ആഡംബര ബൈക്ക് ഇടിയ്ക്കുകയും ഇടിയേറ്റ ബൈക്ക് മുന്നോട്ടു നീങ്ങുന്നതുമായിരുന്നു വീഡിയോയില്‍. വയോധികന്റെ കൈയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. ബൈക്ക് ഓടിച്ച യുവാവ് ക്ഷമ പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതി പരാതിപ്പെടാതെ ഇദ്ദേഹവും ഒപ്പമുണ്ടായിരുന്നയാളും കടന്നു പോയി. ഇതിനു ശേഷമാണ് വീഡിയോയില്‍ സിനിമയിലെ തമാശ ഡയലോഗുകള്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കായംകുളം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ആസൂത്രണം പൊളിഞ്ഞത്. വീഡിയോ കണ്ട ചിലരാണ് ഇത് മനപൂര്‍വ്വം ട്രോള്‍ ഉണ്ടാക്കാനായി സൃഷ്ടിച്ച അപടകമാണെന്ന് പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അറിയിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ ആറ് യുവാക്കളെ കണ്ടെത്തിയത്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അഞ്ചുപേരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും മോട്ടോര്‍ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button