കൊല്ലം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വല്ലി ചേച്ചി അധികാരത്തിലേറിയ വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ആനന്ദവല്ലി ഇന്ന് സ്വന്തം ഓഫീസിലെ ജീവനക്കാരുടെ പക്കല്‍ നിന്ന് കടുത്ത ജാതി അധിക്ഷേപമാണ് നേരിടുന്നതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ആനന്ദവല്ലിയോട് സഹകരിക്കാതിരിക്കുക, പദവിയോട് ബഹുമാനം കാണിക്കാതെ പെരുമാറുക, പ്രസിഡന്റിനെതിരെ കുപ്രചരണങ്ങള്‍ നടത്തുക തുടങ്ങി കടുത്ത അവഗണനയാണ് പത്തനാപുരത്തെ ബ്ലോക്ക് ഓഫീസ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതാണെന്നാണ് ആനന്ദവല്ലി പറയുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് ആനന്ദവല്ലി സ്ഥലം എം എല്‍ എയായ കെ ബി ഗണേഷ് കുമാറിനോട് പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സിപിഎമ്മിന്റെ ബാനറില്‍ തലവൂര്‍ ഡിവിഷനില്‍ നിന്നാണ് ആനന്ദവല്ലി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്. തലവൂരുകാരുടെ വല്ലി ചേച്ചിയായ ആനന്ദവല്ലി ഒരു ദശാബ്‌ദത്തോളമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ്. തൂപ്പുകാരിയായി ജോലിനോക്കുന്ന സമയത്ത് ആനന്ദവല്ലിക്ക് കടുത്ത ജാതിഅധിക്ഷേപം നേരിടേണ്ടി വന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇവര്‍ക്ക് ഒരു പഞ്ചായത്ത് ഓഫീസില്‍ നിന്നും പിരിഞ്ഞുപോരേണ്ടിയും വന്നിരുന്നു. സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായ ആനന്ദവല്ലിയുടെ ഭര്‍ത്താവ് മോഹനന്‍ പെയിന്റിംഗ് തൊഴിലാളിയാണ്.
Read Also: ഉമ്മന്‍ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും കാര്യമില്ല; നേമത്ത് ബിജെപി തന്നെ ജയിക്കുമെന്ന് കുമ്മനം
അതേസമയം ആനന്ദവല്ലിക്കെതിരായ ജാതി അധിക്ഷേപത്തില്‍ കര്‍ശനമായ നിലപാടാണ് ഗണേഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. ആനന്ദവല്ലിയെ സ്വന്തം കര്‍ത്തവ്യങ്ങള്‍ ചെയ്യാനനുവദിക്കാതിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ക്ക് മണ്ഡലത്തിലെ ഒരു പൊതുപരിപാടിയില്‍ വച്ച് ഗണേഷ് കുമാര്‍ താക്കീത് നല്‍കി. പാവപ്പെട്ട ഒരു ദളിത് കുടുംബത്തില്‍ നിന്നും പൊതുരംഗത്തേക്കിറങ്ങിയ ആനന്ദവല്ലിക്ക് നേരെ ജാതി മേല്‍ക്കോയ്‌മ കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.
താത്ക്കാലിക തൂപ്പുകാരിയായി ജോലിചെയ്‌തിരുന്ന ഓഫീസിന്റെ ഉന്നത സ്ഥാനത്തേക്ക് ആനന്ദവല്ലിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണ്. അതാണ് ജനാധിപത്യത്തിന്റെ മഹത്വം. ആനന്ദവല്ലിയെ ഇനിയും വേദനിപ്പിക്കുന്നവരാരായാലും അവര്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും കെ ബി ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു. മാടമ്ബിത്തരം കൈയില്‍ വച്ചാല്‍ മതിയെന്നും അത് പത്തനാപുരത്ത് വേണ്ടെന്നും കടുത്ത ഭാഷയില്‍ ഗണേഷ് മുന്നറിയിപ്പ് നല്‍കി.
Post Your Comments