ഓസ്‌ട്രേലിയ : കിടക്കയില്‍ പതുങ്ങിക്കിടന്ന കൂറ്റന്‍ പാമ്പ് പത്ത് വയസുകാരിയെ രണ്ട് തവണ കടിച്ചു കുടഞ്ഞു. ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം നടന്നത്. കാലില്‍ കടിച്ച പാമ്പിനെ മറു കാലു കൊണ്ട് തട്ടിമാറ്റിയപ്പോഴാണ് വീണ്ടും കടിയേറ്റത്. പാമ്പ് കിടക്കയില്‍ ഉണ്ടെന്ന് അറിയാതെ കിടക്കയില്‍ കിടന്നപ്പോഴാണ് കുട്ടിയ്ക്ക് കടിയേറ്റത്.
കടുത്ത വിഷപ്പാമ്പുകളിലൊന്നായ കിങ് ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. പാമ്പിന്റെ കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടി കൂടുതല്‍ ഭയപ്പെടാഞ്ഞതു കൊണ്ട് തന്നെ വിഷം അതിവേഗത്തില്‍ ശരീരത്തിലേക്ക് വ്യാപിച്ചിരുന്നില്ല. കടുത്ത വേദന സഹിച്ച പെണ്‍കുട്ടിയുടെ ധൈര്യത്തെ സമ്മതിക്കണമെന്ന് പാമ്പ് പിടുത്ത വിദഗ്ധന്‍ റെക്‌സ് നെയ്ന്‍ഡ്രോഫ് പറഞ്ഞു.
എലിയെയോ വലിയ ഇനം പല്ലി വര്‍ഗത്തെയോ തേടിയാകാം വീടിനുള്ളിലേക്ക് പാമ്പ് കടന്നതെന്നാണ് നിഗമനം. ഇവയുടെ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടും. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെക്‌സ് നെയ്ന്‍ഡ്രോഫ് കൂറ്റന്‍ വിഷപ്പാമ്പിനെ പിടികൂടി.
Post Your Comments