ജിദ്ദ: സൗദിയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ 75 ശതമാനവും ആളുകളുടെ തെറ്റായ പെരുമാറ്റവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് കൊണ്ടാണെന്ന് അസിസ്റ്റൻറ്റ് ആരോഗ്യമന്ത്രിയും ആരോഗ്യ മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകള്‍ വിവരിക്കാനായി നടത്താറുള്ള പതിവ് വാര്‍ത്താസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനുവരി മാസത്തിൻറ്റെ ആദ്യത്തില്‍ ദിനംപ്രതി വന്ന പുതിയ കേസുകളുടെ എണ്ണത്തേക്കാള്‍ 200 ഇരട്ടി വര്‍ദ്ധനവാണ് നിലവില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. ധാരാളം ആളുകള്‍ ഒരുമിച്ചുകൂടുന്ന കുടുംബ പരിപാടികളിലൂടെയോ കല്യാണപാര്‍ട്ടികളിലൂടെയോ ആണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. പകര്‍ച്ചവ്യാധി ഇത്രയധികം വ്യാപിച്ച സാഹചര്യങ്ങളിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെ പരസ്പരം കൈ കുലുക്കുക, മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് ഇത്തരം കൂടിച്ചേരലുകളില്‍ കാണുന്നത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും കേസുകള്‍ വീണ്ടും വ്യാപിക്കുന്നതായി ഒരാഴ്ചത്തെ കണക്കുകളുടെ പ്രദേശം തിരിച്ച മാപ്പ് പ്രദര്‍ശിപ്പിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിവരുന്നതോടൊപ്പം തന്നെ ചികിത്സയിലുള്ളവരില്‍ ഗുരുതരാസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ധിച്ചിട്ടിട്ടുണ്ട്. ജനുവരി പകുതി ഉണ്ടായിരുന്നതിനേക്കാള്‍ 20 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഈ സൂചകങ്ങളെല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. കൂടുതല്‍ ജാഗ്രതയോടെ ഓരോരുത്തരും സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും അപകടത്തിലാക്കാതിരിക്കേണ്ടതിന് ഏറെ പ്രാധാന്യ”മുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments