കോട്ടയം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ പ്രതിഷേധവുമായി യുവമോർച്ച. വാകത്താനം, പനച്ചിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി 30 വർഷം മുൻപ് തറക്കല്ലിട്ട പാലക്കാലുങ്കൽ പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച പരസ്യമായി രംഗത്തെത്തിയത്.
യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ സോബിൻലാൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുമായിരുന്ന സമയത്ത് പോലും പാലം പൂർത്തീകരിച്ചില്ലെന്ന് സോബിൻലാൽ ചൂണ്ടിക്കാട്ടി. ആലപ്പുഴ ബൈപ്പാസ് മൂന്ന് വർഷം താമസം വരുത്തിയതിന്റെ പേരിൽ ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. എന്നാൽ സ്വന്തം മണ്ഡലത്തിൽ മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ അദ്ദേഹം കാണുന്നില്ല. ഇത്തരം വികസന മുരടിപ്പ് മറച്ചുവെച്ചാണ് ഉമ്മൻചാണ്ടിയെ വികസന നായകനെന്ന് അനുയായികൾ വാഴ്ത്തുന്നതെന്നും യുവമോർച്ച കുറ്റപ്പെടുത്തി.
പുതുപ്പളളി മണ്ഡലത്തിൽ ഇനിയും പൂർത്തീകരിക്കാത്ത വികസന പദ്ധതികളിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 10 ന് ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തും. കപട വികസനമാണ് ഉമ്മൻചാണ്ടി നടത്തുന്നതെന്നും യുവമോർച്ച കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ കാലത്ത് നടന്ന അഴിമതിപ്പണത്തിന്റെ ഒരു ശതമാനം മതിയായിരുന്നു പാലം പൂർത്തിയാക്കാൻ. പുതുപ്പളളിയിലെ ജനങ്ങളോട് ക്ഷമ പറയുന്ന സാഹചര്യം ഒരുക്കുമെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു.
Post Your Comments