ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ഹൈകോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ബോംബേ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലക്കാണ് ലൈംഗിക പീഡന കേസുകളിലെ അന്യായ വിധികള്‍ വിനയായത്.
12 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ മാറിടത്തില്‍ നേരിട്ട് സ്പര്‍ശിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രതിയെ വെറുതെ വിട്ട ജഡ്ജി അഞ്ചു വയസ്സുകാരിക്ക് മുന്നില്‍ പാന്റിന്റെ സിപ് അഴിക്കുന്നതും കൈകളില്‍ പിടിക്കുന്നതും പീഡനശ്രമമല്ലെന്നും വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി നേരിട്ടിടപെട്ടാണ് കുറ്റമുക്തനാക്കിയ വിധി സ്റ്റേ ചെയ്തത്. ബാലികമാരെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടു പ്രതികള്‍ക്കും ഇവരുടെ വിധിമൂലം മോചനം ലഭിച്ചിരുന്നു. ഇരയുടെ വായ പൊത്തിപ്പിടിച്ച് വസ്ത്രമഴിച്ച് ബലാത്സംഗം ചെയ്യുക അസാധ്യമാണെന്ന് ഒരു പോക്സോ കേസില്‍ കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്.
ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കാന്‍ ജനുവരി 20ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ, ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്.എഫ്. നരിമാന് എന്നിവരടങ്ങുന്ന കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാല്‍, വിവാദ വിധികള്‍ വ്യാപക ചര്‍ച്ചയായ സാഹചര്യത്തിലാണ് അതു വേണ്ടെന്നുവെക്കുന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖന്‍വില്‍ക്കര്‍ എന്നിവരും എതിര്‍പ്പറിയിച്ചിരുന്നു.
Post Your Comments