ന്യൂഡൽഹി : പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി. നിലവില്‍ 50 ശതമാനത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന നിബന്ധനയുള്ള സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം എന്നും കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.
മത, കായിക, വിദ്യാഭ്യാസ സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാം. സ്വിമ്മിങ് പൂളുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കാം. നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. പുതിയ ഇളവുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് യാതൊരുവിധ വിലക്കും പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. യാത്രകള്‍ക്ക് പ്രത്യേക അനുമതിയോ ഇ-പെർമിറ്റോ ആവശ്യമില്ല.
ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് യുവജനകാര്യ കായിക മന്ത്രാലയം പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കും. ബിസിനസ് ടു ബിസിനസ് (ബി 2 ബി) എക്സിബിഷൻ ഹാളുകൾക്ക് ഇതിനോടകം തന്നെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം എക്സിബിഷൻ ഹാളുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. ഇതിനായി എംഎച്ച്എയുമായി കൂടിയാലോചിച്ച് വാണിജ്യ വകുപ്പും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
Post Your Comments