പത്തനംതിട്ട : തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട റ്റിഞ്ചു മൈക്കിളിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ സംബന്ധിച്ചുള്ള കേസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് മാതാപിതാക്കൾ. 2019 ഡിസംബർ 15 നാണ് റ്റിഞ്ചുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി നോക്കിയിരുന്ന മകളെ കോട്ടാങ്ങൽ പുല്ലാന്നിപ്പാറ സ്വദേശി നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. 2019 ജൂലൈ 9ന് മകളെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാൾ.
ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതാണ്. അഞ്ചുമാസത്തോളം ഇയാളുടെ വീട്ടിൽ കഴിഞ്ഞ റ്റിഞ്ചുവിനെ ഇക്കാലയളവിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല.
2019 ഡിസംബർ 15നു റ്റിഞ്ചു തൂങ്ങി മരിച്ചുവെന്ന വാർത്തയാണ് അറിയുന്നതെന്നും മാതാപിതാക്കൾ പറഞ്ഞു. പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. കേസ് അന്വേഷിച്ച പൊലീസ് സബ് ഇൻസ്‌പെക്ടറെ ആരോപണ വിധേയനായ ആളെ ഉപദ്രവിച്ചെന്ന പേരിൽ സ്ഥലം മാറ്റി.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനു പിന്നിൽ ഒരു ഇൻസ്‌പെക്ടർക്കു പങ്കുണ്ട്. ഡിവൈഎസ്പി തങ്ങളെ ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയുമാണെന്നു മാതാപിതാക്കൾ ആരോപിക്കുന്നു.
Post Your Comments