ന്യൂഡൽഹി : രാജ്യത്തിന് മാതൃകയായി ആന്ധ്രയിലെ ഒരു മുസ്ലീം ഗ്രാമം. ഓരോ വീട്ടിൽ നിന്നും സൈനിക സേവനത്തിനായി യുവാക്കളെ അയച്ചാണ് പ്രകാശം ജില്ലയിലെ ഈ മുസ്ലീം ഗ്രാമം മാതൃകയായിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം മുതൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യ ചൈന യുദ്ധം നടന്നത് വരെ ഈ ഗ്രാമം പ്രാർത്ഥനകളോടെയാണ് കാത്തിരുന്നത്.
ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും ഒരംഗത്തെയെങ്കിലും സൈനിക സേവനത്തിനായി അയയ്ക്കാറുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈ പതിവിന് മാറ്റമില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തോടെയാണ് ഗ്രാമത്തിൽ ഇത്തരത്തിൽ സൈനിക പാരമ്പര്യം ആരംഭിക്കുന്നത്.
നിലവിൽ 86 കുടുംബങ്ങളാണ് ഇവിടെ ഉളളത്. ഇതിൽ 130 പേർ രാജ്യത്തിന്റെ വിവിധ സൈനിക വിഭാഗങ്ങളിലായി സേവനം ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളായി നടന്ന ഇന്ത്യ-പാക് യുദ്ധങ്ങളിലും ശ്രീലങ്കയിലെ സമാധാന ദൗത്യത്തിലും കാർഗിൽ യുദ്ധത്തിലും ഉൾപ്പെടെ ഇവിടെ നിന്നുള്ള സൈനികർ പങ്കാളികളായി.
ഗ്രാമത്തിലെ ഇന്നത്തെ തലമുറയിലെ കുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ്. പലരും എംസിഎയും എംബിഎയും എൻജിനീയറിംഗുമൊക്കെ കഴിഞ്ഞവർ. എങ്കിലും സൈനികസേവനം തന്നെയാണ് പുതുതലമുറയും ഇഷ്ടപ്പെടുന്നത്. ഗ്രാമത്തിലെ പെൺകുട്ടികൾക്കും ഇക്കാര്യത്തിൽ മറിച്ച് അഭിപ്രായമില്ല. പലരും സൈന്യത്തിൽ ചേരാൻ കാത്തിരിക്കുന്നവരാണ്. വിവാഹിതരാകുമ്പോഴും മറ്റ് ജോലിക്കാരെക്കാൾ ഇവർ പരിഗണിക്കുന്നത് സൈനികരെയാണ്.
Post Your Comments