അബുദാബി : ലോകത്തിലെ സുരക്ഷിത നഗരമെന്ന നേട്ടം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്വന്തമാക്കി അബുദാബി. ഡാറ്റ ക്രൗഡ് സോഴ്‌സിങ് വെബ്‌സൈറ്റായ നംബിയോ നടത്തിയ സര്‍വ്വേയിലാണ് അബുദാബി ഈ നേട്ടം സ്വന്തമാക്കിയത്. സുരക്ഷയില്‍ 88.46 ശതമാനം പോയിന്റോടെയാണ് നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചിക പ്രകാരം ലോകത്തെ 431 നഗരങ്ങളെക്കാള്‍ അബുദാബി മുന്നിലെത്തിയത്.
ഷാര്‍ജ, ദുബായ് നഗരങ്ങളും ആദ്യ പത്തില്‍ ഇടം നേടി. പട്ടികയില്‍ 83.59 പോയന്റ് നേടി ആറാം സ്ഥാനത്താണ് ഷാര്‍ജ. 83.44 പോയന്റ് നേടി ദുബായ് നഗരവും തൊട്ട് പിന്നിലെത്തി. ദോഹ, തായ്‌പേയ്, ക്യൂബെക്ക് സിറ്റി, സൂറിച്ച്, മ്യൂണിച്ച്, ക്ലൂജ്-നാപ്പോക, മസ്‌കറ്റ് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ലോക നഗരങ്ങള്‍. യു.എ.ഇയിലെ ജനത ആസ്വദിയ്ക്കുന്ന സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമുള്ള അംഗീകാരത്തിന്റെ തെളിവാണ് ഈ റാങ്കിങ്ങെന്ന് അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലഫ് അല്‍ മസ്രൂയി ചൂണ്ടിക്കാട്ടി.
അബുദാബി എമിറേറ്റില്‍ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ സൂചിക വെറും 11.54 ആണ്. താമസത്തിനും നിക്ഷേപത്തിനും ജോലി ചെയ്യാനും സന്ദര്‍ശിയ്ക്കാനും അഭികാമ്യമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അബുദാബിയുടെ സ്ഥാനം ഉറപ്പിയ്ക്കുന്നതാണ് ഈ ഫലം. തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കും പുരോഗതിയ്ക്കും ഈ ഫലം സഹായിക്കും. ആഗോള മത്സര സൂചികയില്‍ രാജ്യത്തിന്റെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. പൊതുജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും അബുദാബി പൊലീസ് ശ്രദ്ധാലുവാണെന്നും അല്‍ മസ്രൂയി പറഞ്ഞു.
Post Your Comments