തിരുവനന്തപുരം : സ്വര്‍ണക്കടത്തിലും, ലൈഫ് മിഷന് ക്രമക്കേടിലും പ്രതിച്ഛായ നഷ്ടപ്പെട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം മണത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വില കുറഞ്ഞ രാഷ്ട്രീയ നീക്കമാണ് സോളാര്‍ കേസ് സിബിഐക്ക് വിട്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. നാളിതു വരെയായി സോളാര്‍ കേസിലെ കുറ്റക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാതിരുന്ന ഇടത് സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയപ്പോഴാണ് സോളാര്‍ കേസിനെ വീണ്ടും പൊടി തട്ടി എടുക്കുന്നത്. യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനായി പൊതു ഖജനാവിലെ കോടികള്‍ തുലച്ചതെന്തിനെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരന് പറഞ്ഞു.
സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം സിബിഐ അന്വേഷണം മതിയെന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ലൈഫ് മിഷനിലും, സ്വര്‍ണ്ണക്കടത്തിലും, പെരിയ ഇരട്ടക്കൊല കേസിലും സിബിഐ അന്വേഷണത്തെ എതിര്‍ത്തത് ആരും മറന്നിട്ടില്ല. ഇടത് നേതാക്കള്‍ പ്രതികളാകുന്ന കേസുകളില്‍ സിബിഐ വേണ്ടെന്ന് ആവര്‍ത്തിക്കുന്നതിലൂടെ സിബിഐ അന്വേഷണത്തോടുള്ള സര്‍ക്കാരിന്റെ ഇരട്ടതാപ്പാണ് മറ നീക്കി പുറത്ത് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments