അടിമാലി : ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവെച്ച് കഴിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങള്‍. പുള്ളിപ്പുലി പറമ്പില്‍ വരാറുണ്ടെന്ന് മനസ്സിലാക്കിയ ഒന്നാം പ്രതി വിനോദ് കെണിയൊരുക്കി കാത്തിരുന്നത് ഒരു മാസത്തോളമെന്ന് പൊലീസ് പറയുന്നു. വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണ് കെണി ഉണ്ടാക്കാന്‍ സഹായിച്ചത്.
കാട്ടുപന്നിയെ പിടി കൂടാന്‍ വയ്ക്കുന്ന കമ്പിക്കെണിയുടെ വലിയ രൂപമാണു പുള്ളിപ്പുലിയെ കുടുക്കാന്‍ ഉപയോഗിച്ചത്. രണ്ടു മരങ്ങള്‍ക്കിടയില്‍ കട്ടി കൂടിയ നൂല്‍ക്കമ്പി വലിച്ചു കെട്ടിയാണ് കെണി ഒരുക്കിയത്. പുലി കുടുങ്ങിയാല്‍ കുതറും തോറും മുറുകുന്ന തരത്തിലായിരുന്നു ക്രമീകരണമെന്നും പൊലീസ് പറഞ്ഞു. പുള്ളിപ്പുലിയുടെ തോലും നഖങ്ങളും പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. പുള്ളിപ്പുലിയുടെ കഴുത്തില്‍ കമ്പി മുറുകി മുറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
കെണിയില്‍ കിടന്നു തന്നെ പുലി ചത്തു എന്നാണ് നിഗമനം. പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേര്‍ തിരിച്ചു വീതിക്കുകയായിരുന്നു. ഒന്നാം പ്രതി വിനോദ് പുലിത്തോലും നഖവും പെരുമ്പാവൂര്‍ സ്വദേശിയ്ക്ക് വില്‍ക്കാനാണ് ശ്രമിച്ചത്. പുലിത്തോലിന്റെ ചിത്രം വാട്സാപ്പില്‍ അയച്ചു കൊടുത്താണ് കച്ചവടം ഉറപ്പിച്ചത്. വിനോദ് 5 ലക്ഷം രൂപ ചോദിച്ചു. 25,000 തരാമെന്നു പെരുമ്പാവൂര്‍ സ്വദേശി സമ്മതിച്ചു. ഒടുവില്‍ 3 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. വിനോദിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകള്‍ കണ്ടെടുത്തു.
പുലിത്തോല്‍ ഉണങ്ങാന്‍ വെയിലത്ത് വച്ചതും വില്‍പനയ്ക്കു ശ്രമിച്ചതുമാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടാന്‍ കാരണമായത്. തോല്‍ കേടു വരാതിരിക്കാന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകര്‍ക്ക് ലഭിച്ചു. വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. പുലിത്തോല്‍ വാങ്ങാന്‍ തയാറായ പെരുമ്പാവൂര്‍ സ്വദേശിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
Post Your Comments