അടിമാലി : ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവെച്ച് കഴിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പിന്തുണയുമായി നാട്ടുകാര്‍. സ്ഥിരം ശല്യമായിരുന്ന പുലിയെ പിടികൂടിയവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികളെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വന്യജീവി ആക്രമണം പതിവാണെന്നും പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഇല്ലായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഈ മേഖലയില്‍ വളര്‍ത്തു മൃഗങ്ങള്‍ ആക്രമിയ്ക്കപ്പെടുന്നത് പതിവാണെന്നും ആടിനേയും കോഴികളേയും മാസങ്ങള്‍ക്ക് മുമ്പ് പുലി പിടിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മാങ്കുളം മുനിപ്പാറ മേഖല വന്യജീവികളുടെ സ്ഥിരം വിഹാര മേഖലയാണ്. പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പുലിയെ കൊന്ന് കറിവെച്ചവര്‍ക്ക് നാട്ടുകാര്‍ പിന്തുണ നല്‍കുന്നത്.
എന്നാല്‍ വന്യജീവിശല്യം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കുന്ന കുറ്റമാണിത്.
Post Your Comments