തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രൂക്ഷമായി ബാധിച്ച പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോൾ പ്രതിദിന കോവിഡ് കണക്കില്‍ മുന്നിൽ നിൽക്കുന്നത് കേരളമാണ്. .
രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 47% കേരളത്തിൽ നിന്നാണ്. അതുപോലെ തന്നെ സജീവ കോവിഡ് കേസുകളിലും മുൻപന്തിയിൽ കേരളം തന്നെയാണ്. അവസാനം പുറത്തു വന്ന കണക്കുകൾ പ്രകാരം 70,624 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന മഹാരാഷ്ട്രയില്‍ 46,146 ആക്ടീവ് കേസുകളാണുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മഹാരാഷ്ട്രയില്‍ നിലവിൽ പ്രതിദിന കേസുകൾ മൂവായിരത്തിൽ താഴെയാണ്. എന്നാൽ കേരളത്തിൽ രോഗികളുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി ആറായിരത്തിന് മുകളിൽ തന്നെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ കേരളം ഇപ്പോൾ ആകെ രോഗബാധിതരുടെ എണ്ണത്തിൽ ദേശീയ തലത്തിൽ നാലാം സ്ഥാനത്താണുള്ളത്. 8,77,282 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 3587 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര (20,03,657), കർണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) എന്നിങ്ങനെയാണ് തൊട്ടു മുന്നിലുള്ള മൂന്ന് സംസ്ഥാനങ്ങളിലെ കണക്കുകൾ.
Post Your Comments