ദുബായ് : കൊവിഡ് വ്യാപന നിരക്ക് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ദുബായ്. പൊതു ഇടങ്ങളിലും പൊതു ചടങ്ങുകളിലും പത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരരുതെന്നാണ് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉത്തരവിട്ടിരിയ്ക്കുന്നത്. ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ ജനുവരി 27 മുതലാണ് പ്രാബല്യത്തില്‍ വരികയെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍ എന്നിവിടങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടേബിളുകള്‍ തമ്മിലുള്ള അകലം നിലവിലെ രണ്ട് മീറ്ററില്‍ നിന്ന് മൂന്ന് മീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളിലെ വലിയ ടേബിളുകളില്‍ ഇരിയ്ക്കാവുന്നവരുടെ എണ്ണം പത്തില്‍ നിന്ന് ഏഴായി കുറച്ചിട്ടുണ്ട്. അതേപോലെ കഫ്റ്റീരിയകളില്‍ ഒരു ടേബിളില്‍ നാലു പേര്‍ മാത്രമേ ഇരിക്കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം.
ഹോട്ടലുകള്‍, വീടുകള്‍, ഹാളുകള്‍, ടെന്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹച്ചടങ്ങുകള്‍, പാര്‍ട്ടികള്‍, മറ്റ് ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയന്ത്രണം ബാധകമാണ്. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ദുബായിലെ ജിമ്മുകള്‍ക്കും ഫിറ്റ്‌നെസ് സെന്ററുകള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ് ഇക്കോണമിയും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ഉത്തരവിറക്കി. ഇവിടങ്ങളിലെ വ്യായാമ ഉപകരണങ്ങള്‍ തമ്മിലും പരിശീലനത്തിനെത്തുന്നവര്‍ തമ്മിലുമുള്ള അകലം രണ്ട് മീറ്ററില്‍ നിന്ന് മൂന്ന് മീറ്ററാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
വിനോദ പരിപാടികള്‍ക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുമായി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും ദുബായ് ടൂറിസം വകുപ്പ് അറിയിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ നടപടികളുമായി ദുബായ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments