സി.എ.ജി റിപ്പോർട്ടിൽ സർക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറൽ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കിഫ്ബി വായ്പ്പയുടെ പേരിൽ സംസ്ഥാന സർക്കാർ ഫെഡറൽ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സി.എ.ജി ചൂണ്ടിക്കാണിച്ചതാണ് ഇടതുസർക്കാരിൻ്റെ വെപ്രാളത്തിന് കാരണമെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. എന്നാൽ ഏത് ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാവിരുദ്ധ പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചതെന്ന് ജനങ്ങൾക്കറിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
Also Read: നിയന്ത്രണം വിട്ട പോലീസ് വാഹനം വൈദ്യുതത്തൂണും കടയും ഇടിച്ച് തകർത്തു
കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്. തൻ്റെ അധികാരപരിധിക്കപ്പുറത്തുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ വെറുപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ പരിഹസിക്കുന്ന ഇടതുസർക്കാരിൻ്റെ നയത്തിനെതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കും. അഴിമതി സംരക്ഷിക്കാൻ വേണ്ടി നിയമസഭയെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു സർക്കാരും രാജ്യത്ത് ഉണ്ടായിട്ടില്ല. സി.എ.ജിയെ തകർക്കാനുള്ള പിണറായിയുടെ പൂതി നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments