Latest NewsArticleKeralaNewsIndiaWriters' Corner

താഴികക്കുടങ്ങളും ഇറിഡിയവും: സത്യവും മിഥ്യയും

കെട്ടുകഥയുടെ ഉത്ഭവവും, അതിൽ വീണു പോയവരുടെ ചരിത്രവും വളരെ രസകരവും പ്രാധാന്യമർഹിക്കുന്നതുമാണ്

സൂരജ്

ഇറിഡിയം മിത്ത് എന്നത് വെറുമൊരു മിത്ത് മാത്രമാണ്, ശാസ്ത്രീയമായി ഒരു അടിത്തറയും ഇല്ലാത്ത കെട്ടുകഥ. എന്നാൽ ആ കെട്ടുകഥയുടെ ഉത്ഭവവും, അതിൽ വീണു പോയവരുടെ ചരിത്രവും വളരെ രസകരവും പ്രാധാന്യമർഹിക്കുന്നതുമാണ്.

ഇറിഡിയം കഥകളിൽ ഏറ്റവും നിഗൂഡതയുള്ളത് ക്ഷേത്രങ്ങളിലെ താഴികക്കുടങ്ങളെ സംബന്ധിച്ചവയാണ്. ചെമ്പ് കൊണ്ടുണ്ടാക്കിയ താഴികക്കുടങ്ങളിൽ ഇറിഡിയത്തിന്റെ വലിയ തോതിലുള്ള സാന്നിധ്യം ഉണ്ടെന്നും, അത് വേർതിരിച്ചെടുത്താൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി വലിയ വിലയ്ക്ക് മറിച്ചു വിൽക്കാമെന്ന ചിന്തയും ഇറിഡിയം എന്ന നിധി തേടിപ്പോകാൻ വളരെയധികം പേർക്ക് പ്രചോദനമായി. നൂറ്റാണ്ടുകളോളം മിന്നലേൽക്കുന്ന വഴി, ചെമ്പുകൊണ്ടുണ്ടാക്കിയ താഴികക്കുടങ്ങളിൽ “രാസമാറ്റം” വന്ന് അത് ഇറിഡിയം ആയി രൂപാന്തരം പ്രാപിക്കും എന്ന സിദ്ധാന്തമാണ് ഇതിന് പിന്നിൽ. ഭൂമിയിൽ വളരെക്കുറിച്ച് മാത്രം കാണുന്ന, വളരെ വിലപ്പെട്ട ലോഹമാണ് ഇറിഡിയം. 100% കോറോഷൻ റെസിസ്റ്റന്റ് ആയ ഇറിഡിയം, ഏറ്റവും സാന്ദ്രതയേറിയ ലോഹങ്ങളിൽ ഒന്നാണ്. ശാസ്ത്രീയമായ ഒരുപാട്‌ ഉപയോഗങ്ങളും ഉണ്ട് താനും. അതുകൊണ്ട് തന്നെ , നിധി അന്വേഷകരുടെ ഇഷ്ട വിഷയങ്ങളിൽ ഒന്നുമാണ് ഇറിഡിയം. ക്ഷേത്രങ്ങളിലെ താഴികക്കുടങ്ങളിലേക്ക് തിരിച്ചു വരാം.

Also Read: നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കം കുറിയ്ക്കാന്‍ മനോരമ ചാനല്‍ അവതാരക നിഷ പുരുഷോത്തമന്‍

ഇറിഡിയം ഉണ്ടെന്ന സംശയത്താൽ കേരളത്തിൽ താഴികക്കുടം മോഷണം പോയ ക്ഷേത്രമാണ് മുതവഴി സുബ്രഹ്മണ്യ ക്ഷേത്രം. 2011 ഒക്ടോബറിൽ മോഷണം പോയ താഴികക്കുടം, പക്ഷേ മൂന്ന് ദിവസത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയാണുണ്ടായത്. 2008 ഓടെയാണ് ചെങ്ങന്നൂരിലെ ഈ ക്ഷേത്രത്തിലെ താഴികക്കുടത്തെ പറ്റിയുള്ള കഥകൾ കൂടുതൽ പ്രസിദ്ധി നേടുന്നത്. ചെമ്പ് ഉപയോഗിച്ചു നിർമിച്ച താഴികക്കുടത്തിൽ ഇറിഡിയം ഉണ്ടെന്നും അതിന് വേണ്ടി കോടികൾ നൽകാൻ തയാറായി ആൾക്കാർ തങ്ങളെ സമീപിച്ചു എന്നുമൊക്കെയാണ് ക്ഷേത്ര ഭരണസമിതി അവകാശപ്പെട്ടത്.

ഇതിൽ ഏറ്റവും രസകരമായ ഉപകഥ, ക്ഷേത്രത്തിലെ ഇറിഡിയം സാന്നിദ്യം റേഡിയേഷൻ വഴി satellite കണ്ടുപിടിച്ചു എന്നാണ്. ഇറിഡിയത്തിന്റെ റേഡിയോ ആക്ടിവത ഉള്ള isotope ഇറിഡിയത്തിൽ 1 ശതമാനം പോലും ഇല്ലെന്നിരിക്കെ ഒരു താഴികക്കുടത്തിൽ നിന്നും അത് ഉപഗ്രഹം കണ്ടെത്തി എന്നുള്ള പൊള്ളയായ വാദങ്ങൾ തന്നെ ഈ കെട്ടുകഥയുടെ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 2000 ലേറെ വർഷം പഴക്കമുണ്ടന്ന് പറയുന്ന ക്ഷേത്രത്തിലെ താഴികക്കുടം, നൂറ്റാണ്ടുകളോളം മിന്നലേറ്റ് ഇറിഡിയം ആയി രൂപാന്തരം പ്രാപിച്ചു എന്ന മിഥ്യയാണ് ഇതിന് പിന്നിൽ. ഇങ്ങനെ രൂപപ്പെടുന്ന ലോഹത്തിന് “കോപ്പർ ഇറിഡിയം എന്നാണ് വിളിപ്പേര്. ആദ്യം തന്നെ , മിന്നാലേൽക്കുന്ന ചെമ്പ് കൊണ്ടുണ്ടാക്കിയ താഴികക്കുടങ്ങളിൽ ഇറിഡിയം രൂപപ്പെടുന്നത് ശാസ്ത്രീയമായി ശരിയാണോ എന്ന് നോക്കാം.

Also Read: പെരുമ്പാവൂരിൽ കുട്ടികൾക്ക് പാർക്ക് വരുന്നു ; പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിച്ചു

സാധാരണ ഗതിയിൽ, എത്ര തന്നെ ചൂടാക്കിയാലോ , വൈദ്യതി കടത്തി വിട്ടാലോ, ഒരു മൂലകം മറ്റൊരു മൂലകമായി രൂപാന്തരപ്പെടില്ല. ആണവ നിലയങ്ങളിലും atomic experiments നടത്തുന്ന പരീക്ഷണ ശാലകളിലുമാണ് ഇത് നടത്താൻ സാധിക്കുക. ഒന്നുകിൽ nuclear reactions വഴിയോ, അല്ലെങ്കിൽ വലിയ ഊർജമുള്ള കണങ്ങളെക്കൊണ്ട് atom ങ്ങളെ ഇടിപ്പിച്ചോ. എന്തു തന്നെയായാലും ഭൂമിയിലെ ഇടിമിന്നൽ ഉപയോഗിച്ച് ഒരു കണികയെപ്പോലും മറ്റൊരു മൂലകമായി മാറ്റാൻ സാധിക്കില്ല എന്നത് ശാസ്ത്രീയമായ സത്യമാണ്. നൂറ്റാണ്ടുകൾ കൊണ്ട് ചെമ്പിനെ ഇടിമിന്നൽ ഏൽപ്പിക്കുക വഴി(മാസത്തിൽ ഒന്നോ രണ്ടോ എന്ന കണക്കിൽ ആണെങ്കിലും) ഇറിഡിയമോ മറ്റ് അമൂല്യ ലോഹങ്ങളോ ആക്കി മാറ്റാൻ കഴിയുമായിരുന്നു എങ്കിൽ, എന്തുകൊണ്ട് ഇപ്പോഴുള്ള ശാസ്ത്രജ്ഞർ കൃത്രിമമായി electric arc ഉണ്ടാക്കി ഇറിഡിയം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. കൃത്രിമ രീതി ആകുമ്പോൾ നൂറ്റാണ്ടുകളായി ലഭിക്കുന്ന ഇടിമിന്നലിന്റെ അതേ അളവ് കുറച്ച് സമയം കൊണ്ട് തന്നെ ഉണ്ടാക്കാമല്ലോ?! മറിച്ച് ലോഹങ്ങളിൽ വളരെ ചെറിയ അംശത്തിൽ കാണുന്ന ഇറിഡിയത്തെ മറ്റു വഴികളിൽ വേർതിരിച്ചാണ് അത് ഉത്പാദിപ്പിക്കുന്നത്.

ഒരു ചെമ്പിന്റെ താഴികക്കുടത്തിൽ ചിലപ്പോൾ വളരെ ചെറിയ അംശം ഇറിഡിയം കാണാം. എന്നാൽ അത് പ്രകൃതിദത്തമായി കാണുന്ന അതേ അളവിൽ തന്നെയായിരിക്കും എന്നു മാത്രമല്ല, അത്തരം ആയിരക്കണക്കിന്‌ താഴികക്കുടങ്ങൾ ഉപയോഗിച്ചാൽ പോലും അല്പം എങ്കിലും ഈ അമൂല്യ ലോഹം ലഭിക്കണം എന്നില്ല. ഇടിമിന്നൽ(വൈദ്യതി) കൊണ്ട് ചെമ്പിനെ ഇറിഡിയം ആക്കാമെന്ന മിത്ത്, നൂറ്റാണ്ടുകൾക്ക് മുന്നേ ഇരുമ്പിനേയും, lead നേയും ചൂടാക്കി സ്വർണം ഉത്പാദിപ്പിക്കാം എന്ന alchemist കളുടെ മോഹത്തിന്റെ ആധുനിക പതിപ്പാണ്. മാത്രവുമല്ല ഇറിഡിയം മൂലകരൂപത്തിൽ ആദ്യമായി വേർതിരിച്ചെടുത്തത് തന്നെ 1803 ലാണ്.

Also Read: പ്രമേഹമുള്ളവര്‍ മല്ലിയില കഴിക്കുന്നത് നല്ലതോ ?

വൈദ്യത ശക്തി കൊണ്ട് ലോഹങ്ങളെ ഉരുക്കി alloys ഉണ്ടാക്കാം എന്നും( electric furnace) ഒരു ലോഹത്തിൽ മറ്റൊന്നിനെ coat ചെയ്യാം(electrolysis) എന്നുമൊക്കെയുള്ള അറിവുകൾ ആയിരിക്കാം ഇതിന്റെ വക്താക്കളെ നയിച്ചിട്ടുണ്ടായിരിക്കുക. ഈ പരീക്ഷണങ്ങളിൽ ഒന്നിലും തന്നെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആയി മാറ്റാൻ സാധിക്കില്ല. ഇനി ക്ഷേത്രത്തിലേക്ക് തിരിച്ചു വരാം. മോഷണത്തിന് ശേഷം പോലീസ് ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവരിൽ ചിലരെയും ഏറ്റവും അടുത്തിടപഴകുന്നവരെയും ഗൂഡാലോചനയ്ക്ക് അറസ്റ്റ് ചെയ്തിരുന്നു. ഇനിയാണ് മറ്റൊരു രസകരമായ കാര്യം കടന്നു വരുന്നത്. ക്ഷേത്രത്തിലെ താഴികക്കുടത്തിൽ ഇറിഡിയം ഉണ്ടെന്ന് ഉറപ്പുവരുത്താൻ അരി ഉപയോഗിച്ച് ചിലർ പരീക്ഷണങ്ങൾ നടത്തി എന്നാണ് പറയപ്പെടുന്നത്.

ഇറിഡിയവും അരിയും തമ്മിൽ എന്താണ് ബന്ധം? അവിടെയാണ് “റൈസ് പുള്ളർ” എന്ന വിരുതന്റെ റോൾ. സ്വർണച്ചേന, വെള്ളിമൂങ്ങ, നാഗമാണിക്യം എന്നിവയുടെ ജനുസിൽപ്പെട്ട ഒന്നാണ് ഈ റൈസ് പുള്ളറും. സംഗതി നമ്മുടെ കോപ്പർ ഇറിഡിയത്തിന്റെ മറ്റൊരു പേരാണ് റൈസ് പുള്ളർ. ഇറിഡിയം അരിയെ ആകർഷിക്കും എന്ന വാദമാണ് ഈ പേര് വരാൻ കാരണം. ഇറിഡിയം അരിയെ ആകർഷിക്കും എന്നത് വെറും അടിസ്ഥാനരഹിതമായ വസ്തുതയാണ്. റൈസ് പുള്ളർ തട്ടിപ്പുകാർ കാന്തവും, ഇരുമ്പ് പൊടി നിറച്ച അരിമണികളും ഒക്കെ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തി ആൾക്കാരുടെ കണ്ണിൽ പൊടിയിടുന്നത്.

വിചാരിക്കുന്നതിക്കും അപ്പുറമാണ് റൈസ് പുള്ളർ തട്ടിപ്പിന്റെ വ്യാപ്തി. വലിയ വിദ്യാഭ്യാസമില്ലാത്ത ധനികരെയും, പെട്ടെന്ന് പൈസയുണ്ടാക്കാൻ വ്യഗ്രതയുള്ളവരേയുമാണ് തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. റൈസ് പുള്ളർ ലോഹത്തിന്റെ ഉപയോഗങ്ങളും മൂല്യത്തിനേയും പറ്റി ആദ്യം ഇറിഡിയം വിൽക്കുന്ന കമ്പനിയിലെ മേധാവി എന്ന വ്യാജേന ഇരയെ പരിചയെപ്പെടും. മറ്റൊരാൾ തന്റെ കൈവശം റൈസ് പുള്ളർ ഉണ്ടെന്ന് ഇരയെ വിശ്വസിപ്പിക്കും. മൂന്നാമത്, ശാസ്ത്രജ്ഞൻ ആണെന്ന വ്യാജേന ഇറിഡിയത്തിന്റെ ശക്തി പരിശോധിക്കാൻ ഒരാൾ വരും. വലയിൽ വീഴുന്ന ഇര മറിച്ചു വിറ്റാൽ കിട്ടുന്ന വലിയ ലാഭം സ്വപ്നം കണ്ട് ലക്ഷങ്ങൾ കൊടുത്ത് ലോഹം വാങ്ങിക്കും. കേരളത്തിലെ crime നന്ദകുമാർ മുതൽ, പട്ടാളത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ, സിനിമാക്കാർ, രാഷ്ട്രീയ നേതാക്കൾ വരെ ഈ റൈസ് പുള്ളർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

Also Read: ബംഗാളിൽ മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജിവെച്ച വനം വകുപ്പ് മന്ത്രി ബിജെപിയിലേക്കെന്ന് സൂചന

ഇതേ pattern തന്നെയാണ് ചെങ്ങന്നൂർ മുതവഴി ക്ഷേത്രത്തിലും കണ്ടത്. മോഷണത്തിന് ഒരു വർഷം മുന്നേ DRDO , ISRO ശാസ്ത്രജ്ഞർ എന്ന വ്യാജേന ക്ഷേത്രത്തിലെ താഴിക്കകുടം പരിശോധിക്കാൻ വന്ന കൊള്ളസംഘത്തെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിൽ നിന്നു തന്നെ വ്യക്തമാണ്, ക്ഷേത്രത്തിലെ താഴികക്കുടത്തിൽ ഇറിഡിയം ഉണ്ടെന്ന കെട്ടുകഥയ്ക്ക് പിന്നിൽ റൈസ് പുള്ളർ തട്ടിപ്പ് സംഘം തന്നെയാണെന്ന്. ധനമോഹികളായ ചില നാട്ടുകാർ , താഴിക്കകുടം സ്വന്തമായി മോഷ്ടിച്ച് പൈസ ഉണ്ടാക്കാനോ, അല്ലെങ്കിൽ തട്ടിപ്പുകാർക്ക് മറിച്ചു വിറ്റ് പൈസ ഉണ്ടാക്കാനോ ആയിരിക്കും ശ്രമിച്ചിരിക്കുക. സ്വർണച്ചേന, വലംപിരി ശംഖ്, ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ പോലെ, അത്യാഗ്രഹികളെയും അന്ധവിശ്വാസികളായ പണക്കാരേയും ലക്ഷ്യമിട്ട അനവധി പ്രോജക്ടുകളിൽ ഒന്നാണ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഇറിഡിയം സാന്നിധ്യം?.

ഇതിൽ പൂർണമായി വിശ്വസിച്ച് നിധി തേടിപ്പോയവരും തട്ടിപ്പ് ലക്ഷ്യമിട്ട് താഴികക്കുടം മോഷ്ടിച്ചവരും ഉണ്ടാകാം. എന്തുതന്നെയായാലും മനുഷ്യരുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങളുടെ ബാക്കിപത്രം തന്നെയാണ് ഇതും. ഇതിന്റെ വ്യാപ്തി മനസിലായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ ഈ തട്ടിപ്പിന് എതിരായി ഒരു പ്രസ്താവന ഇറക്കിയിരുന്നു.

shortlink

Post Your Comments


Back to top button