കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പാർട്ടി വിട്ട് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സി.പി.എം. കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സംസ്ഥാന നേതൃത്വം ഇതേക്കുറിച്ച് ആലോചിക്കും. ഇതുവരെ കെ.വി തോമസുമായി സി.പി.എം ചര്‍ച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി.എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കെ.വി തോമസ് സി.പി.എമ്മുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലായിരുന്നു കെ.വി തോമസ്. 1984 മുതല്‍ എം.പിയും എം.എല്‍.എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായി പല ചുമതലകള്‍ വഹിച്ച കെ.വി തോമസിന് വീണ്ടും വീണ്ടും അവസരം കൊടുക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും അഭിപ്രായം.
ശനിയാഴ്ച രാവിലെ 11 മണിക്ക് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് കെ.വി തോമസ് അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. ശനിയാഴ്ച കൊച്ചിയിലെ ബി.ടി.എച്ചില്‍ വെച്ചാണ് കെ.വി തോമസ് മാധ്യമപ്രവര്‍ത്തകരെ കാണുക.
Post Your Comments