വാക്ക് പാലിച്ച് ഇന്ത്യ. കൊറോണ വാക്‌സിന്റെ ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് വിമാനം പുറപ്പെട്ടത്. ആദ്യഘട്ടത്തിൽ 1,50,000 ഡോസുകളാണ് ഇന്ത്യ ഭൂട്ടാനു നൽകുന്നത്.
ഇന്ത്യയിൽ നിന്നും വാക്‌സിൻ ഡോസുകൾ സ്വീകരിക്കുന്ന ആദ്യ രാജ്യമാണ് ഭൂട്ടാൻ. തിംഫു വിമാനത്താവളത്തിലെത്തുന്ന വാക്‌സിൻ വിതരണത്തിനായി വിവിധയിടങ്ങളിലേക്ക് കൊണ്ടു പോകും. ഇനിയുള്ള ദിവസങ്ങളിൽ അയൽ രാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ച് കഴിഞ്ഞു.
കൊറോണ വ്യാപനത്തിനിടയിൽ പ്രതിരോധത്തിനായി ഇന്ത്യ ഭൂട്ടാനൊപ്പം എന്നും നില കൊണ്ടിരുന്നു. പല രാജ്യങ്ങളും രാജ്യാന്തര കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചപ്പോഴും, ഇന്ത്യ ഭൂട്ടാനുൾപ്പെടെയുളള രാജ്യങ്ങളിലേക്ക് അവശ്യ സാധനങ്ങൾ കയറ്റുമതി ചെയ്തിരുന്നു.
വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് ഫലപ്രദമാകുന്ന രീതിയിൽ നൽകുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് കയറ്റി അയക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യം ഭൂട്ടാന് നൽകിയത്.
Also Read: സുരാജിനും നിമിഷയ്ക്കും തുല്യ പ്രതിഫലമാണോ നൽകിയത്? – മഹത്തായ അടുക്കളയുടെ സംവിധായകനോട് ആരാധകൻ
മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റി അയക്കുന്നത്. ബുധനാഴ്ച മുതൽ കയറ്റുമതി ആരംഭിക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. കൊവിഷീൽഡ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യുക. നിരവധി രാജ്യങ്ങൾ വാക്‌സിനായി ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് രാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതിയ്ക്കായി വിവിധ ഏജൻസികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഈ രാജ്യങ്ങൾ. അനുമതി ലഭിച്ചാൽ ഉടൻ ഇവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.
Post Your Comments