ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഒരേയൊരു പരിഹാര മാര്‍ഗം നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മൂന്ന് നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥര്‍. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നത്. താന്‍ നൂറുശതമാനവും സമരത്തെ പിന്തുണയ്ക്കുന്നു. ഓരോ ഇന്ത്യക്കാരനും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മോദിയേയോ മറ്റാരെയോ ഭയപ്പെടുന്നില്ല. ഞാന്‍ ശുദ്ധനായ വ്യക്തിയാണ്. അവര്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ തൊടാന്‍ സാധിക്കില്ല. ഞാനൊരു രാജ്യസ്നേഹിയാണ്, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുകയാണ്, അത് തുടരുകയും ചെയ്യും’- രാഹുല്‍ പറഞ്ഞു.
ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എങ്ങനെയാണ് അര്‍ണബ് ഗോസ്വാമിക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. വിവരങ്ങള്‍ അര്‍ണബിന് ചോര്‍ത്തി നല്കിയവര് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അര്‍ണബിന് അറിയാമെങ്കില്‍ പാകിസ്ഥാനും ഈ വിവരങ്ങള്‍ കിട്ടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
.
Post Your Comments