KeralaCinemaMollywoodLatest NewsNewsEntertainment

‘എല്ലാ പണികൾക്കും കട്ടയ്ക്ക് കൂടെ നിൽക്കുന്ന എത്രയോ പുരുഷന്മാരുണ്ട്’; മഹത്തായ ഇന്ത്യൻ അടുക്കളയെ കുറിച്ച് അശ്വതി

ഒരു ഗ്ലാസ് വെള്ളത്തിന് പോലും 'ഡീ' എന്ന് വിളിച്ച് ശീലിച്ച് പോയവർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാൻ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഭാരതീയ അടുക്കള’ കണ്ട് നിരവധി ആളുകളാണ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുന്നു. പണികൾ സ്ത്രീകളെ കൊണ്ട് മാത്രം എടുപ്പിക്കുകയും എല്ലാ പണികൾക്കും കട്ടയ്ക്ക് കൂടെ നിൽക്കുകയും ചെയ്യുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ടെന്ന് അശ്വതി പറയുന്നു. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇത് Great Indian Kitchen എന്ന സിനിമയുടെ റിവ്യൂ അല്ല, അത് കണ്ടപ്പോൾ ഓർത്ത ചില കാര്യങ്ങൾ മാത്രമാണ്. വീട്ടിൽ ഞാൻ ഒറ്റക്കാണ് രാവിലെ പാചകം എങ്കിൽ ദോശയ്ക്ക് സാമ്പാർ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു സാമ്പാർ. കാസറോളിൽ ദോശ ചുട്ടു വച്ച് കറി അടുത്ത് വച്ച് എല്ലാവരെയും വിളിച്ച് ഒരുമിച്ച് കഴിക്കലാണ് പതിവ്.

Also Read: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം പരിഗണിക്കും

ഇനി എന്റെ ഭർത്താവിന്റെ അമ്മയാണ് അടുക്കളയിൽ എങ്കിൽ അത് പല തരം ദോശകളും 3 തരം സാമ്പാറും ആവും. കട്ടിയുള്ളതും ഇല്ലാത്തതും, മൊരിഞ്ഞതും അല്ലാത്തതും നെയ് പുരട്ടിയതും പുരട്ടാത്തതുമായ ദോശകൾ, അച്ഛന് പുളിയും ഉപ്പും കുറഞ്ഞ സാമ്പാർ, മകന് അധികം സാമ്പാർ പൊടി ചേർക്കാത്ത കടുക് താളിക്കാത്ത സാമ്പാർ, മറ്റുള്ളവർക്ക് ഉപ്പും പുളിയും സാമ്പാർ പൊടിയും ചേർത്ത കടുക് താളിച്ച സാധാരണ സാമ്പാർ. അവസാനത്തെ ആളും കഴിച്ചെഴുന്നേൽക്കും വരെ ചൂടു ദോശകൾ ഡൈനിങ് ടേബിളിലേയ്ക്ക് പറന്നു കൊണ്ടിരിക്കും. എല്ലാവരുടേം തൃപ്തി ഉറപ്പാക്കി ഒടുവിലാണ് അമ്മ കഴിക്കാൻ ഇരിക്കുക. അതിന് മുൻപ് അച്ഛനോ ഞങ്ങളോ എത്ര വിളിച്ചാലും ഒരു ദോശ അടുപ്പത്തുണ്ടെന്ന ന്യായത്തിൽ അമ്മ പിടിച്ച് നിൽക്കും. ഉപ്പു നോക്കാനും കല്ലിന്റെ ചൂട് പരുവപ്പെടുത്താനും ഏറ്റവും ആദ്യം ചുട്ട വക്ക് പൊട്ടിയ കല്ലിച്ച ദോശ കാസറോളിന്റെ അടിത്തട്ടിൽ നിന്ന് കൃത്യമായി കണ്ടെടുത്താണ് അമ്മ കഴിച്ചു തുടങ്ങുക.

Also Read: ‘ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ട്?’; ഡോക്ടറുടെ വൈറൽ കുറിപ്പ്

സാദാ ഒരു തേങ്ങാ ചമ്മന്തി ആയാൽ പോലും അതിനും ബഹു വിധ വേർഷനുകൾ അമ്മ കണ്ടെത്തും. ഇഞ്ചി വച്ചത് ഒരാൾക്കെങ്കിൽ മാങ്ങാ വച്ചരച്ചത് മറ്റൊരാൾക്ക്. അതും പോരാഞ്ഞ് അച്ഛൻ തികഞ്ഞ വെജിറ്റേറിയനും മക്കൾ നോൺ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവരും ആവുമ്പോൾ പിന്നെയും വിഭവങ്ങളുടെ എണ്ണം കൂടും. ഭർത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ പോലും നോക്കി അവരെ നാലു നേരം ഊട്ടുകയെന്നതാണ് അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവിത ലക്ഷ്യം. സഹായത്തിന് അടുക്കളയിൽ ആരൊക്കെയുണ്ടായാലും അമ്മയുടെ കൈ തൊടാതെ വീട്ടിൽ ഒരു കറിയും അടുപ്പിൽ നിന്നിറങ്ങിയിട്ടില്ല. ഉച്ചയൂണിന് ഇരിക്കുമ്പോൾ തന്നെ അമ്മ സ്വയം പറയും ‘ഉച്ചയ്ക്കത്തേടം അങ്ങനെ കഴിഞ്ഞു, ഇനി വൈകിട്ടത്തേക്ക് എന്താണാവോ?’. ഊണ് കഴിഞ്ഞ് കൈ കഴുകിയിട്ട് ആലോചിച്ചാൽ പോരേ എന്ന് ഞങ്ങൾ അമ്മയെ കളിയാക്കും. പക്ഷേ ഞാൻ കണ്ട കാലം മുതൽ അമ്മ അങ്ങനെയാണ്.

Also Read: കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; ആദ്യ 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല

എക്കണോമിക്സ് പഠിച്ച അമ്മയ്ക്ക് അന്ന് എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നില്ലേ എന്ന് ചോദിച്ചാൽ അമ്മ പറയും ‘ഓഹ് അന്നതൊന്നും നടന്നില്ലെന്ന്…അതു കൊണ്ട് പിള്ളേരെങ്കിലും നല്ല പോലെ വളർന്നല്ലോ എന്ന്’. അമ്മ സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റി വച്ച് അടുക്കളയിൽ തന്നെ ജീവിച്ചതു കൊണ്ട് മക്കൾ പ്രത്യേകിച്ച് നന്നായോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം. അവർ ആവറേജ് സ്റ്റുഡന്റസ് ആയി പഠിച്ച് സാധാരണ ജോലികൾ തന്നെ ചെയ്യുന്നു. മറിച്ച് അമ്മ ഒരു അധ്യാപികയോ ബാങ്ക് ജീവനക്കാരിയോ ആയി ഇന്ന് റിട്ടയർ ചെയ്തിരുന്നെങ്കിൽ ഈ മക്കളും മരുമക്കളും ഭർത്താവും പോലും കുറച്ച് കൂടി അഭിമാനത്തോടെ അമ്മയെക്കുറിച്ച് സംസാരിക്കുമായിരുന്നു.

അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ, സുഹൃത്തുക്കൾ ഉണ്ടായേനെ, അബദ്ധത്തിൽ ഉപ്പു കൂടിപ്പോയ കറികളെ അച്ഛന്റെ മുന്നിൽ വയ്ക്കുമ്പോൾ അടുത്തുള്ളവർക്ക് പോലും കേൾക്കാവുന്ന അമ്മയുടെ നെഞ്ചിടിപ്പുകൾ, ഒരുപക്ഷേ ഇറങ്ങി പോകാനൊരു ഇടമുള്ള ആശ്വാസത്തിൽ ഇത്തിരി എങ്കിലും കുറഞ്ഞേനേ.
ആർക്കും ഒരു പരാതിക്കും ഇടവരുത്താതെ, സ്വന്തം ആരോഗ്യം നോക്കാതെ അമ്മ വച്ചു വിളമ്പി ഊട്ടി തേച്ചു മെഴുക്കി തുടച്ച് ഒടുവിൽ സമ്പാദിച്ചത് വിട്ടുമാറാത്ത നടുവേദനയും കണംകാലിൽ നീരും ഇടയ്ക്കിടെ താളം മറക്കുന്ന ഇറെഗുലർ ഹാർട്ട് ബീറ്റുമാണ്. ഉറക്കം തീരെയില്ലാത്ത രാത്രികളാണ്.

Also Read: ട്വിസ്റ്റുകൾക്കൊടുവിൽ ഗംഭീര ക്ളൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയിൽ ചരിത്ര വിജയം- പരമ്പര

ഭക്ഷണത്തിന്റെ പരുവം തെറ്റിയാൽ ‘നല്ല മനസ്സോടെ അല്ലേൽ ഇതൊന്നും തരാൻ നിൽക്കരുതെന്ന’ അശരീരികൾ അല്ലാതെ ഒരാളും അമ്മയോട് thankful ആകുന്നത് കണ്ടിട്ടേ ഇല്ല. അമ്മയുടെ വയ്യായ്കകൾക്ക് പോലും ‘എവിടേലും അടങ്ങിയിരിക്കാതെ വരുത്തി വയ്ക്കുന്നതെന്ന’ ടൈറ്റിൽ ആണ് പലപ്പോഴും കിട്ടാറ്‌. വീട്ടിലെ സകലർക്കും അമ്മയോട് സ്നേഹമുണ്ട്. എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന മക്കളും ഭർത്താവും ഉണ്ട്. എന്നാൽ കാസറോളിൽ ദോശ ചുട്ട് വച്ച് എല്ലാരും വേണ്ടത് എടുത്ത് കഴിച്ചോളാൻ പറഞ്ഞിട്ട് ഫാർമസിയിൽ പോയിരുന്ന, എട്ടാം ക്ലാസ് മുതൽ അവനവന്റെ തുണികൾ അലക്കിച്ചിരുന്ന, പാത്രം കഴുകിച്ചിരുന്ന, ബോറടിച്ചാൽ അടുക്കള പൂട്ടി സിനിമ കാണാൻ പോവാം എന്ന് പറഞ്ഞിരുന്ന എന്റെ സ്വന്തം അമ്മയോട് എനിക്കും അനിയനും ഉള്ള സ്നേഹത്തേക്കാൾ ഒട്ടും കൂടുതലല്ല എന്റെ ഭർത്താവിന്റെ അമ്മയോട്, അമ്മയുടെ മക്കൾക്ക് ഉള്ളത് എന്നതാണ് എന്റെ തിരിച്ചറിവ്. എന്ന് വച്ചാൽ അമ്മ മക്കൾക്കും ഭർത്താവിനും വേണ്ടി മാത്രം ജീവിച്ചത് കൊണ്ട് പ്രത്യേകമായൊരു സ്നേഹക്കൂടുതൽ ആർക്കുമില്ലെന്നു തന്നെ !

Also Read: യുഎഇയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

‘എന്റെ അമ്മയെ കണ്ട് പഠിക്കണം നീ’ എന്ന് എന്റെ ഭർത്താവെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ തന്നെ മറ്റൊന്നായേനേയെന്ന് അത്ഭുതത്തോടെ ഞാൻ ഓർക്കാറുണ്ട്. മറിച്ച് നീ അമ്മയെ കണ്ട് പഠിക്കണ്ട, അവനവനു വേണ്ടി ജീവിച്ചിട്ടു മതി ബാക്കിയുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് എന്നാണ് പറഞ്ഞത്. കുടുംബത്തിന് സർവ്വ സമ്മതം അല്ലാതിരുന്ന ഒരു തൊഴിൽ മേഖല വിവാഹ ശേഷം ഞാൻ തിരഞ്ഞെടുത്തത് പോലും ആ വാക്കിന്റ ഒറ്റ ബലത്തിൽ ആണ്. ഞാൻ ഇല്ലാതെ ഇവരെന്ത് ചെയ്യുമെന്ന ചോദ്യത്തിൽ കുരുങ്ങിയാണ് ഏന്തിയും വലിഞ്ഞും സ്വയം ഇല്ലാതാക്കി നമ്മുടെ സ്ത്രീകൾ അടുക്കള സ്വർഗമാക്കുന്നത്. ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാൻ അറിയില്ലെന്ന് നടിക്കുന്ന മക്കളെയും ഭർത്താവിനെയും പരിചരിക്കുന്നത്. ആരുമില്ലെങ്കിലും അവരൊക്കെ ജീവിക്കും എന്നതാണ് സത്യം !

Also Read: കോവിഡ് വാക്സീൻ ; രണ്ടു ദിവസങ്ങളിലായി സ്വീകരിച്ചത് 1110 പേർ

പുത്തൻ അടുക്കളകളിൽ സമവാക്യങ്ങൾ മാറുന്നുണ്ട്. ഭരിക്കുന്ന ഭർത്താവിൽ നിന്ന് companionship ലേക്ക് മാറി നടക്കുന്ന ഒരുപാട് പേരെ അറിയാം, എന്റെ പങ്കാളി ഉൾപ്പെടെയുള്ളവരെ. രണ്ടു പേരും ഒരുമിച്ച് ജോലി കഴിഞ്ഞ് വീടെത്തിയാൽ ഭർത്താവ് ന്യൂസ് കാണാനും ഭാര്യ ചപ്പാത്തിയ്ക്ക് കുഴയ്ക്കാനും പോകുന്ന പതിവ് മാറ്റി കട്ടക്ക് കൂടെ നിൽക്കുന്ന എത്രയോ പുരുഷന്മാരുണ്ട്. അതൊരു പ്രതീക്ഷ തന്നെയാണ്. ഇനി അങ്ങനെയല്ലാത്തവർക്ക്, ഒരു ഗ്ലാസ് വെള്ളത്തിന് പോലും ‘ഡീ’ എന്ന് വിളിച്ച് ശീലിച്ച് പോയവർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാൻ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ !

https://www.facebook.com/AswathyOfficial/posts/10225402404514989

NB : ഞാൻ എന്റെ ഫ്ളാറ്റിലെ എഴുത്തു മേശയുടെ സ്വാസ്ഥ്യത്തിൽ ഇരുന്ന് ഇത് എഴുതുമ്പോളും, തൊടുപുഴയിലെ വീട്ടിലിരുന്ന് ഉച്ചയ്ക്ക് എന്ത് കറി വയ്ക്കുമെന്ന്, ഇത്തിരി കപ്പ കൂടി ഉണ്ടെങ്കിൽ അച്ഛന് സന്തോഷമാവില്ലേ എന്ന് ചേട്ടത്തിയോട് കൂടിയാലോചന നടത്തുകയാവും അമ്മ…വൈകിട്ട് മഴ പെയ്തു കറണ്ട് എങ്ങാൻ പോകും മുൻപ് നാളത്തെ അപ്പത്തിനുള്ള മാവ് അരക്കണമെങ്കിൽ അരി നേരത്തെ വെള്ളത്തിൽ ഇടണമെന്ന് പറഞ്ഞേൽപ്പിക്കുകയാവും. മഹത്തായ ഭാരതീയ അടുക്കളയിൽ പണികൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ !

 

shortlink

Related Articles

Post Your Comments

Related Articles


Back to top button