കോഴിക്കോട് : പുതിയ പദവികള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍ എം പി. പുതിയ പദവികള്‍ ഒന്നും തന്നെ ഏറ്റെടുക്കാനില്ലെന്നാണ് കെ മുരളീധരന്‍ കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കവെ വ്യക്തമാക്കിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ വടകരയ്ക്ക് കീഴില്‍ വരുന്ന നിയസഭാ മണ്ഡലങ്ങളിലൊഴികെ മറ്റൊരിടത്തും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പോവില്ലെന്നും ഇത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റു എന്നതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് കരുതേണ്ട. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വര്‍ണത്തിന്റെ മാറ്റ് കൂടുമെന്നും അദ്ദേഹം പറഞ്ഞു. പുന:സംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമാണ്. ഗുണദോഷങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കെപിസിസി അദ്ധ്യക്ഷന്‍ മത്സരിയ്ക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മുല്ലപ്പളളി മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന് അറിയില്ല. യുഡിഎഫില്‍ പുറത്തു നിന്ന് ഏതെങ്കിലും കക്ഷികളെ എടുക്കണമെങ്കില്‍ യുഡിഎഫിനകത്ത് ചര്‍ച്ച ചെയ്യണം. ഇപ്പോള്‍ അങ്ങനത്തെ ചര്‍ച്ചകളൊന്നും വന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായുളള സഹകരണം വടകരമേഖലയില്‍ യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. വടകര സീറ്റില്‍ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments