ജക്കാർത്ത:ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മണസംഖ്യ 56 ആയി ഉയർന്നിരിക്കുന്നു. തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കൂടുതൽ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും പരിസരത്തുമാണ് ഭൂചലനമുണ്ടായിരിക്കുന്നത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നുവീണിരുന്നു. നഗരത്തിൽ വൈദ്യുത, ടെലിഫോൺ ബന്ധം പുനസ്ഥാപിച്ചുവരികയാണ് ഇപ്പോൾ.
ഭൂചലനത്തിൽ ആയിരക്കണക്കിന് പേർക്ക് വീടില്ലാതാകുകയും 800ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലാണ് കഴിയുന്നത്. മാമുജുവിൽ 47 പേരും മജേനെയിൽ ഏഴുപേരുമാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് പറഞ്ഞു.
415 വീടുകളാണ് മജേനെയിൽ തകർന്നത്. 15,000 പേർക്കാണ് ഇതോടെ വീട് നഷ്ടമായിരിക്കുന്നത്. ഏജൻസി പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. മൂന്നുലക്ഷത്തോളം പേർ താമസിക്കുന്ന നഗരമാണ് മാമുജു. ഇവിടെ ഗവർണറുടെ ഓഫിസും ഷോപ്പിങ് മാളും ഹോട്ടലുകളുമെല്ലാം നിലംപൊത്തിയിരുന്നു.
Post Your Comments