ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ചര്‍ച്ച നടക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയില്‍ നടത്തേണ്ട അഴിച്ചു പണി സംബന്ധിച്ചാവും ചര്‍ച്ചകളില്‍ ആദ്യം തീരുമാനമുണ്ടാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഡിസിസികളില്‍ പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനുള്ള സാധ്യതാ പട്ടിക നല്‍കാന്‍ സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരേയും പുനഃസംഘടനയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കെപിസിസി സ്വീകരിച്ചിട്ടില്ല. പുനഃസംഘടനയ്ക്കുള്ള സാധ്യതാ പട്ടിക നല്‍കാത്തതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി ഉണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന ഘട്ടത്തില്‍ വലിയ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേരള നേതാക്കള്‍. ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിനെ ഗ്രൂപ്പ് നേതാക്കളും എതിര്‍ക്കുന്നു. എറണാകുളം, വയനാട്, പാലക്കാട് ജില്ലകളില്‍ മാത്രം മാറ്റം മതി എന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ചര്‍ച്ചയില്‍ അഴിച്ചു പണി സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും.
Post Your Comments