KeralaLatest NewsNews

‘പെരുമാറ്റം അതിരുകടന്നു’; ഐശ്വര്യയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്

പാറാവ് ജോലി ഏറെ ജാഗ്രതയോടെ ചെയ്യേണ്ടതാണ്.

കൊച്ചി: പോലീസ് സ്റ്റേഷനിലേക്ക് കയറി വന്ന തന്നെ, ആള്‍ അറിയാതെ തടഞ്ഞ വനിതാ പോലീസുകാരിക്കെതിരെ നടപടി സ്വീകരിച്ച കൊച്ചി സിറ്റി ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. തിരക്കേറിയ കൊച്ചി സിറ്റി പരിധിയിലെ സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്നാണ് ആഭ്യന്തരവകുപ്പ് ഐശ്വര്യയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഐശ്വര്യയുടെ പെരുമാറ്റം അതിരുകടന്നു പോയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. കഴിഞ്ഞദിവസമായിരുന്ന വിവാദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഐശ്വര്യ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്.

Read Also: ഉന്നത പദവിയിലുള്ളവരെ കളത്തിലിറക്കി ബിജെപി; വരും വർഷങ്ങളിൽ കേരളം ഭരിക്കുമെന്ന് നേതാക്കൾ

എന്നാൽ സ്റ്റേഷനിലേക്ക് ഒരു യുവതി കയറി വന്നപ്പോള്‍ പാറാവിലുണ്ടായിരുന്ന പോലീസുകാരി തടഞ്ഞ് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. യൂണിഫോമില്‍ അല്ലാത്തതിനാല്‍ അത് ഡിസിപിയാണെന്ന് വനിതാ പോലീസിന് മനസിലായില്ല. മാത്രമല്ല, പുതുതായി ചുമതലയേറ്റതിനാല്‍ മുഖപരിചയവും ഇല്ലായിരുന്നു. പിന്നാലെയാണ് ഡിസിപിയെയാണ് താന്‍ തടഞ്ഞതെന്ന് വനിതാ പോലീസിന് മനസിലായത്. ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥയുടെ മറുപടി. സംഭവത്തില്‍ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് വനിതാ പൊലീസിനെ രണ്ടുദിവസത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു.

അതേസമയം ഡിസിപിയുടെ നടപടിക്കെതിരെ പോലീസുകാര്‍ക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂണിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് പൊലീസുകാര്‍ ചോദിക്കുന്നു. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോള്‍ സ്റ്റേഷനിലേക്ക് വരുന്നയാളെ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി കാണില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.

സംഭവത്തിൽ തന്റെ നടപടിയെ ഐശ്വര്യ ന്യായീകരിക്കുകയാണ് ചെയ്തത്. പാറാവ് ജോലി ഏറെ ജാഗ്രതയോടെ ചെയ്യേണ്ടതാണ്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്ക് ശ്രദ്ധ കുറവുണ്ടായിരുന്നു. ഡിസിപിയായ താന്‍ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് അവര്‍ ശ്രദ്ധിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു. ട്രാഫിക്കില്‍ അവര്‍ നല്ല രീതിയിലാണ് ജോലി ചെയ്യുന്നതെന്നും അതിനെ അഭിനന്ദിക്കുന്നെന്നും ഐശ്വര്യ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി സിറ്റി ഡിസിപിയായി ഐശ്വര്യ ചാര്‍ജെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button