നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചെടുക്കാന്‍ മക്കളെ രംഗത്തിറക്കി യുഡിഎഫ്, മത്സരിക്കാന്‍ ജൂനിയര്‍ ആന്റണി, ചാണ്ടി ഉമ്മന്‍, ഷോണ്‍ ജോര്‍ജ്, ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ തുടങ്ങിയവരെ രംഗത്തിറക്കി. തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തോല്‍വിയെ മറികടക്കാനാണ് ഇക്കുറി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മക്കളെ മത്സരരംഗത്തിറക്കുന്നത്.
Read Also : ഇന്ത്യയിലെ അടുക്കളകളില്‍ പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍
മക്കള്‍രാഷ്ട്രീയം ഇടതുമുന്നണിയേക്കാളേറെ കോണ്‍ഗ്രസിലും യു.ഡി.എഫ്. ഘടകകക്ഷികളിലുമാണു കൂടുതലായി കാണപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മക്കള്‍ മത്സരിക്കുമോയെന്ന ചോദ്യം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമാണ്.
യു.ഡി.എഫ്. മക്കള്‍രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്ന ജോസ് കെ. മാണി ഇപ്പോള്‍ ഇടതുമുന്നണിയിലാണ്. അദ്ദേഹമാകട്ടെ രാജ്യസഭാംഗത്വം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കാന്‍ കച്ചമുറുക്കിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ ആദര്‍ശധീരന്‍ എ.കെ. ആന്റണിയുടെ മകന്റെ രാഷ്ട്രീയപ്രവേശം ഇക്കുറിയുണ്ടാകുമെന്നും സൂചനയുണ്ട്. ആന്റണിയുടെ മകനും കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ കെ. ആന്റണിയാണു സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മത്സരരംഗത്തുണ്ടാകുമെന്ന പ്രചാരണം ഇക്കുറിയും സജീവമാണ്. പുതുപ്പള്ളിയില്‍നിന്ന് ഉമ്മന്‍ ചാണ്ടി മാറിയാല്‍ ചാണ്ടി ഉമ്മനാകുമോ പിന്‍ഗാമിയെന്ന ചോദ്യമാണു ചര്‍ച്ചകളില്‍ നിറഞ്ഞത്.
ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണു നിയമസഭ സ്വപ്നം കാണുന്ന മറ്റൊരു യുവനേതാവ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നു ജയിച്ച ഷോണ്‍, പി.സി. ജോര്‍ജ് പിന്മാറിയാല്‍ പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയാകുമെന്നുറപ്പ്.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫ് എം.എല്‍.എയുടെ മകന്‍ അപു ജോണ്‍ ജോസഫും ഇക്കുറി നിയമസഭയിലേക്കു കന്നിയങ്കം കുറിക്കുമെന്നാണു സൂചന.
പാലം കടക്കാന്‍ കുഞ്ഞിന്റെ മകനും
എറണാകുളം ജില്ലയില്‍ മുസ്ലിം ലീഗിലെ രണ്ട് പ്രബല ഗ്രൂപ്പുകളില്‍ ഒന്നിനെ നയിക്കുന്നതു മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ്. പാലാരിവട്ടം അഴിമതിക്കേസില്‍ അദ്ദേഹം അറസ്റ്റിലായതോടെ മകന്‍ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയാകുമെന്നാണു സൂചന. ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂര്‍ നാലു വര്‍ഷമായിലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
Post Your Comments